കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാന്‍ ഇനിയും വൈകും. നേരിട്ടുളള അധ്യയനം പുനരാരംഭിക്കാന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള പ്രായോഗിക തടസ്സങ്ങളാണ് സ്‌കൂളുകള്‍ നേരത്തെ തുറക്കുന്നതിന് വിലങ്ങു തടിയാകുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നീട്ടാന്‍ തീരുമാനിച്ചത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രാഥമിക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ അതിനു ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ കുവൈത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. ഓണ്‍ലൈനായാണ് എല്ലാ വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചു വരുന്നത്. അതേസമയം നേരിട്ടുളള അധ്യയനത്തിന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പകരമാകില്ലെന്ന് അധികൃതര്‍ക്ക് ബോധ്യമുണ്ട്.