ന്യൂഡല്‍ഹി: ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ നല്‍കിപ്പോന്ന സുരക്ഷ നീട്ടണമെന്ന റിട്ട.ജഡ്ജി എസ്.കെ യാദവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പള്ളി പൊളിക്കല്‍ കേസില്‍ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി ഇദ്ദേഹത്തിന്റെതാണ്. കോടതിയില്‍ നിന്ന് വിരമിക്കുന്ന അവസാന ദിവസമാണ് ബാബരി കേസില്‍ എസ്.കെ യാദവ് വിധി പ്രസ്താവിച്ചത്.
ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മുന്‍ ജഡ്ജിന്റെ ആവശ്യം തള്ളിയത്. സുരക്ഷ ഇനിയും നീട്ടേണ്ട ഒരാവശ്യവും നിലവിലുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പള്ളി പൊളിച്ച കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരടക്കം 32 പ്രതികളെ കുറ്റവിമുക്തരാക്കിയായിരുന്നു എസ്.കെ യാദവിന്റെ വിധി പ്രസ്താവം. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കേസിന്റെ പശ്ചാത്തലം കണക്കിലെടുത്ത് വിധി പ്രസ്താവിച്ച ജഡിജിക്ക് കോടതി സുരക്ഷ നല്‍കുകയായിരുന്നു.
സുരക്ഷാ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സുരക്ഷ തുടരണമെന്നാവശ്യപ്പെട്ട് എസ്.കെ യാദവ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. എസ്.കെ യാദവിന്റെ കത്ത് പരിശോധിച്ച ശേഷം സുരക്ഷ ഇനിയും തുടരുന്നത് ഉചിതമെന്ന് കരുതുന്നില്ല എന്നായിരുന്നു സുപ്രീംകോടതി ഇന്ന് ഉത്തരവില്‍ പറഞ്ഞത്.