ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ‘തവക്കല്‍നാ’ ആപ് വികസിപ്പിക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിഹാരമെന്ന നിലയില്‍ സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയാ) കോവിഡ് കാലത്താണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതും. കോവിഡ് പരിശോധനക്ക് ബുക്ക് ചെയ്യലും ലോക്ഡൗണില്‍ പുറത്തുപോകുന്നതിന് ഉള്‍പ്പെടെയുള്ള അനുമതി നേടലുമായിരുന്നു തുടക്കത്തില്‍ ആപ്ലിക്കേഷനിലൂടെ ജനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങള്‍. പിന്നീട് ഘട്ടം ഘട്ടമായി വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, ട്രാഫിക് നിയമലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാവുന്ന സൗകര്യവും ഏര്‍പ്പെടുത്തി.
പുതുതായി കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി അഞ്ചു വിഭാഗങ്ങളായി തിരിക്കും. ഗവണ്‍മെന്റ് സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന രൂപത്തിലാണ് സംവിധാനം നവീകരിക്കുക്. ആരോഗ്യം, വിദ്യാഭ്യാസം, ആശ്രിതര്‍, വിവിധ തരം പെര്‍മിറ്റുകള്‍, പരാതികള്‍, നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 15ഓളം സേവനങ്ങള്‍ ഈ അഞ്ചു പാക്കേജുകളിലായി ഉള്‍പ്പെടുത്തും.
‘മൈ ഡേറ്റ ബോര്‍ഡ്’ എന്ന പേരിലുള്ള ഡേറ്റാബേസില്‍ ഉപയോക്താവിന്റെ അടിസ്ഥാന വിവരങ്ങളാണുണ്ടാവുക. എജുക്കേഷന്‍ ബോര്‍ഡില്‍ സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍, കുട്ടികളുടെ ആരോഗ്യനില എന്നിവ ഉള്‍പ്പെടുന്നു. ആശ്രിതരുടെ ബോര്‍ഡില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരുടെയും ആരോഗ്യ കാര്‍ഡ് സ്റ്റാറ്റസ് വിവരങ്ങളാണുണ്ടാവുക. കോവിഡ് പരിശോധന അപോയ്‌മെന്റ് ബുക്ക് ചെയ്യലിന് പുറമെ പരിശോധനഫലങ്ങള്‍ ലഭ്യമാക്കലും പുതിയ സേവനമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഉപയോക്താക്കള്‍ക്ക് ആരോഗ്യ മെഡിക്കല്‍ സേവനം കൂടുതല്‍ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കോവിഡ് പരിശോധനക്ക് വേഗത്തില്‍ ബുക്ക് ചെയ്യാനും ആവശ്യമില്ലെങ്കില്‍ കാന്‍സല്‍ ചെയ്യാനും സാധിക്കും. വ്യക്തിഗതവിവരങ്ങള്‍ പൂര്‍ണമായും കാണാനാകുമെന്നാണ് നവീകരിക്കുന്ന ആപ്പിന്റെ പ്രധാന സവിശേഷത.വ്യക്തിഗത രേഖകളുടെ കാലാവധി തീരുന്നതടക്കമുള്ള കാര്യങ്ങളും പൊതുവായ സര്‍ക്കാര്‍ അറിയിപ്പുകളും മറ്റ് അലര്‍ട്ട് നോട്ടീസുകളും ആപ്പില്‍ ലഭ്യമാകും. നിലവില്‍ ‘തവക്കല്‍നാ’ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏഴു ദശലക്ഷം കവിഞ്ഞു.



















