ജിദ്ദ: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായുള്ള രണ്ടാമത്തെ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രം സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ സൗത്തേണ്‍ ടെര്‍മിനലിലാണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജിദ്ദ ഗവര്‍ണറേറ്റിലെ ഉയര്‍ന്ന ജനസംഖ്യ കണക്കിലെടുത്താണ് വിശാലമായ സൗത്തേണ്‍ ടെര്‍മിനല്‍ ഈ സേവനം നല്‍കുന്നതിനായി തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത മൂന്നാഴ്ച്ചയ്ക്കിടെ ജിദ്ദയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് പ്രതിദിനം 10000 പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നേരത്തെ റിയാദില്‍ ആദ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ഒരേ സമയം വലിയ അളവില്‍ ആളുകളെ വാക്സിന്‍ കുത്തിവെപ്പിനായി സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് കേന്ദ്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. വാക്സിനേഷന്‍ നടപടികളില്‍ പ്രാവീണ്യമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ലഭ്യമാകുന്ന 84 ക്ലിനിക്കുകളിലൂടെയാണ് ഈ കേന്ദ്രത്തില്‍ നിന്ന് ചിട്ടയോടെ വാക്സിനേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
രാജ്യത്തിന്റെ മറ്റു മേഖലകളിലും സമാനമായ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം അടുത്ത ആഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നല്‍കിയിട്ടുള്ള ഫൈസര്‍, ബയോ എന്‍ ടെക് വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബര്‍ 16 ന് സൗദിയിലെത്തിയിരുന്നു. സൗദിയിലെ പൗരന്മാര്‍ക്കും നിവാസികള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ‘സെഹതി’ എന്ന ആപ്പിലൂടെ ലഭ്യമാണ്.












