റിയാദ്: പ്രവാസികളുടെ ഇഖാമയുടെ ഡിജിറ്റള്‍ കോപ്പി ജവാസത്ത് പുറത്തിറക്കി.വ്യകതിഗത അബ്ശിറില്‍ ഡിജിറ്റല്‍ റസിഡന്റ് ഐഡി എന്ന പേരില്‍ ലഭ്യമായ ഈ സേവനം നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് രേഖകള്‍ ഇനി കൊണ്ടുനടക്കേണ്ടതില്ല. പരിശോധന സമയത്ത് പോലീസുകാരുടെ മൊബൈല്‍ ഫോണിലെ മൈദാന്‍ ആപ് വഴി ഡിജിറ്റല്‍ ഇഖാമ അവര്‍ക്ക് പരിശോധിക്കാനാകും. സൗദിയില്‍ ഏത് ഇടപാടുകളുടെയും അന്തിമ രേഖയായി ഇനി ഈ ഡിജിറ്റല്‍ രേഖയാണ് പരിഗണിക്കുക. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഡിജിറ്റല്‍ ഇഖാമ കാണിച്ചുകൊടുക്കാനാകും.
ഡിജിറ്റല്‍ ഇഖാമ ആക്ടിവേറ്റ് ചെയ്യാം.
- ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അബ്ശിര്‍ ഇന്‍ഡിവിഡ്വല്‍സ് എന്ന ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍നിന്നോ പ്ലേ സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യുക.
- നേരത്തെ ലഭ്യമായ അബ്ശിര്‍ പോര്‍ട്ടല്‍ ആപ്ലിക്കേഷനല്ല. ABSHER individuals എന്ന് സെര്‍ച്ച് ചെയ്ത് പുതിയ ആപ്പ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യണം.
- നേരത്തെ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്ത യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് പുതിയ ആപ്പില്‍ ലോഗ് ഇന്‍ ചെയ്യാം.
- തുടര്‍ന്ന് മൈ സര്‍വീസസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഡിജിറ്റല്‍ ഐഡി ആക്ടിവേറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ കാണാം.
നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ക്കും ഇഖാമ വിവരങ്ങള്‍ക്കും സ്പോണ്‍സര്‍ വിവരങ്ങള്‍ക്കും ശേഷമാണ് ഡിജിറ്റല്‍ ഐ.ഡി ആക്ടിവേറ്റ് ചെയ്യാനുള്ള ടാബ്. - ഐഫോണ്‍ ആപ്പിലും ആന്‍ഡ്രോയിഡ് ആപ്പിലും ചെറിയ വ്യത്യാസങ്ങളുണ്ട്. ഇന്റര്‍നെറ്റില്ലെങ്കിലും ആപ്പ് തുറന്ന് വ്യൂ ഡിജിറ്റല്‍ ഐ.ഡി സെലക്ട് ചെയ്താല്‍ ക്യുആര്‍ കോഡും സ്പോണ്‍സറുടെ വിവരങ്ങളും സ്പോണ്‍സര്‍ ഐ.ഡിയും കാണിക്കും. മൈ ഫാമിലി എന്ന ടാബില്‍ കുടുംബത്തിന്റെ വിവരങ്ങളും ലഭ്യമാണ്.