ജിദ്ദ: ജി 20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ . യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് സ്ഥിരം അംഗങ്ങളെ മറികടന്നാണു സൗദി ഈ നേട്ടം കൈവരിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തര സൂചകങ്ങള്‍ അനുസരിച്ചാണ് ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യയെ തെരെഞ്ഞെടുത്തത്.രാത്രിയില്‍ സുരക്ഷിതരായി നടക്കാന്‍ സാധിക്കുന്ന ജനസംഖ്യയുടെ ശതമാനത്തിലാണു ജി 20 രാജ്യങ്ങളില്‍ സൗദി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
പോലീസ് സേവനങ്ങളുടെ വിശ്വാസ്യതയുടെ സൂചികയിലും സൗദിയാണ് മുന്നില്‍. ഇത് സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങളുടെ ആത്മ വിശ്വാസവും സാമൂഹിക ക്രമമവും നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഘടകമാണ്. സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെ മുന്നില്‍. ആഗോള കോമ്പിറ്റീറ്റീവ്‌നെസ് റിപ്പോര്‍ട്ട് 2019, സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020 എന്നിവയില്‍ ഉള്‍പ്പെടുത്തിയ അഞ്ചു ആഗോള സുരക്ഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്.
എണ്ണ ഇതര മേഖലയിലെ വളര്‍ച്ച പ്രതീക്ഷിച്ച് സൗദി സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള നടപടികളെയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖനന വ്യവസായത്തിന് പുറമെ പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും റിപ്പോട്ടില്‍ പറയുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാനുള്ള രാജ്യത്തിന്റെ ദൃഢത, നൂതനമായ ആശയവിനിമയ സാങ്കേതികവിദ്യ, പുതുമക്ക് വേണ്ടിയുള്ള ശ്രമം എന്നിവയും റിപ്പോര്‍ട്ടില്‍ പ്രത്യേകം വ്യക്തമാക്കുന്നു.



















