സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ കടുത്ത ശിക്ഷാ നടപടികളുമായി സൗദി ഭരണകൂടം
ജിദ്ദ : ഭീകര പ്രവര്‍ത്തനം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ സൗദി ഭരണകൂടം കര്‍ശനമായ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.
ഇതിന്റെ ഭാഗമായി ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പാക്കുകയാണ്.
എണ്‍പതോളം ഭീകരര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കിയതിനു തൊട്ടുപിന്നാലെ ഹീനകൃത്യങ്ങള്‍ ചെയ്തവര്‍ക്കും സമാനമായ ശിക്ഷ വിധിച്ച് നടപ്പാക്കുകയാണ് സൗദി ഭരണകൂടം.
ഗര്‍ഭിണിയായ ഭാര്യയേയും ഗര്‍ഭസ്ഥ ശിശുവിനേയും കൊലപ്പെടുത്തിയ സ്വദേശി യുവാവിനും ഉറങ്ങിക്കിടന്ന മാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന യുവാവിനും ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കി.
അബ്ദുള്ള ബിന്‍ സാബിന്‍ ബിന്‍ മുസിം അല്‍ മുതൈരിയാണ് സിറിയന്‍ സ്വദേശിയായ ഭാര്യ ഖിതാം മുഹമദ് അല്‍ ബുസൈരിയെ കുത്തിക്കൊന്നത്. ഗര്‍ഭിണിയായിരുന്ന ഖിതാമിന്റെ വയറില്‍ കുത്തിയത്. ഗര്‍ഭസ്ഥശിശുവിനും കത്തികൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു.
പ്രതിയെ അറസ്റ്റു ചെയ്യുകയും വിചാരണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ വധശിക്ഷയാണ് ഉനൈസ ഗവര്‍ണറേറ്റിലെ കോടതി നടപ്പാക്കിയത്.
തബൂക്ക് പ്രവിശ്യയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സ്വദേശി യുവാവ് സുല്‍ത്താന്‍ ബിന്‍ അഹമദ് ബിന്‍ സുബെയ്താന്‍ ഉല്‍യാന്‍ ഷാമാന്റെ വധശിക്ഷയും ഇന്ന് നടപ്പാക്കി.
ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയും വിചാരണകോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
ഹിനമായ കൊലപാതകം നടത്തിയ സ്വദേശി പൗരനായ അബ്ദുള്ള ബിന്‍ ഈദ് ബിന്‍ ബഖീത് അല്‍ ഹുസൈനിയുടെ വധശിക്ഷയും ഇന്ന് നടപ്പാക്കി.
ഹുസൈനി ഭാര്യ നജാഹ് ബിന്ത് ബഖിതാന്‍ബിന്‍ ബഖിത് അല്‍ സെയ്ദിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
ഇയാള്‍ വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതിയും വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മദിനയിലെ കോടതി വധശിക്ഷ നടപ്പാക്കി.
കഴിഞ്ഞ ദിവസം മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ രണ്ട് ഇന്തോനേഷ്യന്‍ യുവാക്കളുടെ വധശിക്ഷ ജിദ്ദ കോടതി നടപ്പാക്കിയിരുന്നു.
നവാലി ഹസ്സന്‍ എഹ്‌സാന്‍, അക്കോസ് അഹമദ് അന്തൂസി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
അല്‍ അഹ്‌സ ഗവര്‍ണറേറ്റില്‍ പിതാവിനേയും സഹോദരനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. 2022 ല്‍ ഇതുവരെ 92 പേരുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പാക്കിയത്.