ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും (എന്‍.സി.ബി) സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും (സാംബ) ലയിക്കുന്നു. ലയനത്തോടനുബന്ധിച്ച് 837 ശതകോടി റിയാല്‍ (223 ശതകോടി ഡോളര്‍) ആസ്തികളുമായി സംയോജിത കരാറില്‍ ഇരുകമ്പനി മേധാവികളും ഒപ്പുവെച്ചു.ഇതോടെ ന്‍.സി.ബി അറബ് ലോകത്തെ മൂന്നാമത്തെയും സൗദിയിലെ ഒന്നാമത്തെയും ബാങ്കിങ് സ്ഥാപനമായി മാറി.മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ 171 ശതകോടി റിയാല്‍ (46 ശതകോടി ഡോളര്‍) ഉള്ള ഗള്‍ഫ് മേഖലയിലെ പ്രമുഖ ബാങ്കായിരിക്കും എന്‍.സി.ബി. ചെറുകിട, മൊത്ത ബാങ്കിങ് വിപണിയുടെ ഏകദേശം 25 ശതമാനം സേവനം ഇനി എന്‍.സി.ബി നല്‍കും.
ലയനം പൂര്‍ത്തിയാകുമ്പോള്‍ സാംബയുടെ ഓഹരികള്‍ മുഴുവന്‍ എന്‍.സി.ബിക്ക് കൈമാറ്റം ചെയ്യുകയും പുതുതായി നിരവധി ഷെയറുകള്‍ നല്‍കുകയും ചെയ്യും. ഇതനുസരിച്ച് തങ്ങളുടെ ഓരോ ഷെയറിനും 0.739 എന്‍.സി.ബി ഷെയറുകള്‍ സാംബയുടെ ഓഹരി ഉടമകള്‍ക്ക് ലഭ്യമാകും. സാംബയെ എന്‍.സി.ബിയുമായി ലയിപ്പിക്കുന്നതിലൂടെ സാംബയുടെ എല്ലാ സ്വത്തുക്കളും ബാധ്യതകളും എന്‍.സി.ബിയിലേക്ക് മാറും. ഇടപാട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ എന്‍.സി.ബി മാത്രമേ നിലനില്‍ക്കൂ, സാംബ ഉണ്ടാവില്ല. സാംബയുടെ ഓഹരികള്‍ റദ്ദാക്കുകയും എന്‍.സി.ബിയിലെ പുതിയ ഓഹരികള്‍ സാംബ ഓഹരിയുടമകള്‍ക്ക് നല്‍കുകയും ചെയ്യും.
കരാര്‍ പ്രകാരം എന്‍.സി.ബിയുടെ ആസ്ഥാനം ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് മാറ്റുകയും സാംബയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന അമ്മാര്‍ അല്‍ഖുദൈരിയെ എന്‍.സി.ബിയുടെ സി.ഇ.ഒ ആയി നിയമിക്കുകയും ചെയ്യും.നിലവിലെ എന്‍.സി.ബി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അല്‍ഗാംദിയെ പുതുതായി നിലവില്‍വരുന്ന എന്‍.സി.ബിയുടെ മാനേജിങ് ഡയറക്ടറായും നിയമിക്കും.ലയിപ്പിക്കുന്ന ബാങ്കിന്റെ കൃത്യമായ പേര്, ലോഗോ, ഐഡന്റിറ്റി എന്നിവ നിശ്ചയിക്കുന്നതിന് പ്രത്യേക കണ്‍സല്‍ട്ടിങ് സ്ഥാപനത്തെ നിയമിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.




















