സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
റിയാദ് : കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന കയറ്റുമതി 2021 ഒക്ടോബര്‍ മാസത്തില്‍ വര്‍ദ്ധിച്ചതായി സൗദി ജനറല്‍ അഥോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 90 ശതമാനമാണ് മൊത്തം കയറ്റുമതി വര്‍ദ്ധിച്ചത്.
ക്രൂഡോയില്‍ തന്നെയാണ് സൗദി കയറ്റുമതിയുടെ സിംഹഭാഗവും. 2020 ഒക്ടോബറില്‍ 55.9 ബില്യണ്‍ സൗദി റിയാലിന്റെ കയറ്റുമതിയാണ് നടന്നതെങ്കില്‍ 2021 ഒക്ടോബറില്‍ ഇത് 106.2 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 123.1 ശതമാനമാണ് വര്‍ദ്ധന.
മൊത്തം കയറ്റുമതിയുടെ 77.6 ശതമാനമാണ് ക്രുഡോയില്‍ കയറ്റുമതി.
അതേസമയം, എണ്ണേതര കയറ്റുമതിയിലും സാരമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ഒക്ടോബറില്‍ 19 ബില്യണ്‍ റിയാലായിരുന്നത് 2021 ല്‍ 23.9 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 25.5 ശതമാനത്തിന്റെ വര്ദ്ധനവാണിത്.
കയറ്റുമതിക്കൊപ്പം ഇറക്കുമതിയിലും ആനുപാതികമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് രേഖപ്പെടുത്തിയതിനേക്കാള്‍ 7.6 ശതമാനമാണ് വര്‍ദ്ധനവ്.













