സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് സൗദി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് തൊഴിലാളികള്‍ കരാര്‍ അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറാനും സ്വന്തം രാജ്യത്തേക്ക് പോകാനും പിന്നീട് മടങ്ങിയെത്താനും സാധിക്കും. രാജ്യത്തിനു പുറത്ത് കടക്കുന്നതിനും തിരികെ പ്രവേശിക്കുന്നതിനു എക്‌സിറ്റ്, റീ-എന്‍ട്രി വീസ പരിഷ്‌കാരം എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്.
പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച് 14 മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. നിലവിലെ നിയമം അനുസരിച്ച് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് തൊഴില്‍ മാറാനോ രാജ്യം വിടാനോ സാധിക്കുമായിരുന്നില്ല. 70 വര്‍ഷമായി തുടര്‍ന്ന ഈ നിയമമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
തൊഴില്‍ കരാര്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തൊഴിലുടമയെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷിര്‍’, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ‘ക്വിവ’ ആപ്ലിക്കേഷനുകള്‍ വഴി തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാകും. പുതിയ പരിഷ്‌ക്കരണ നടപടികളിലൂടെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം കുറയുമെന്നാണ് വിലയിരുത്തല്‍
അതേസമയം, വേതന സംരക്ഷണ സംവിധാനം, കരാര്‍ വര്‍ക്കുകളുടെ ഡിജിറ്റല്‍ ഡോക്യൂമെന്റേഷന്‍, ലേബര്‍ എജുക്കേഷന്‍ തുടങ്ങി സമാനമായ സംരംഭങ്ങള്‍ ഇതിനു മുന്‍പേ സൗദി അറേബ്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ മന്ത്രാലയം വരുത്തിയ പുതിയ പരിഷ്‌കരണങ്ങള്‍ തൊഴില്‍ കമ്പോളത്തില്‍ കാര്യക്ഷമതയും മത്സര ശേഷിയും വര്‍ധിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി


















