ഉംറ തീര്‍ത്ഥാടനം ആരംഭിച്ച ശേഷം വിശുദ്ധ നഗരങ്ങളിലെ പള്ളികളില്‍ എത്തിയത് 9 ലക്ഷം വിശ്വാസികള്‍
ജിദ്ദ : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടക്കുന്ന ഉംറ ചടങ്ങുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും എത്തിയത് ഒമ്പത് ലക്ഷത്തോളം വിശ്വാസികള്‍.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള തീര്‍ത്ഥാടന സംവിധാനങ്ങളാണ് ഇരു നഗരങ്ങളിലും ഒരുക്കിയിട്ടുള്ളത്.
ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച ശേഷം 8.96 ലക്ഷം പേരാണ് ഇവിടെയെത്തിയത്. ഇവരില്‍ 6.49 ലക്ഷം പേര്‍ തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം തിരിച്ചു പോയി.
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന തീര്‍ത്ഥാടനം പുനരാരംഭിച്ചുവെങ്കിലും 65 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഉംറ,ഹജ്ജ് കര്‍മ്മങ്ങള്‍ നടത്താന്‍ അനുമതി.
ഒരോ രാജ്യക്കാര്‍ക്കും പ്രത്യേകം ക്വാട്ട അനുവദിച്ചായിരിക്കും പ്രവേശന അനുമതി നല്‍കുക. പത്ത് ലക്ഷം പേര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളു.
സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് 19 വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കായിരിക്കും തീര്‍ത്ഥാടനത്തിന് അനുമതി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കുകയും വേണം.
കോവിഡ് മഹാമാരി വിട്ടകന്നിട്ടില്ലെന്നും പ്രതിരോധത്തിലൂടെ തടയുകയാണ് ചെയ്തിരിക്കുന്നതെന്നും ഇതിനാല്‍, വിശാവാസികള്‍ പരിരക്ഷയെ കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനെന്നും ഉംറഹജ്ജ്മന്ത്രാലയം അറിയിച്ചു.