ജിദ്ദ: സൗദിയില്‍ അക്കൗണ്ടിങ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷ. അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നിയമം ഡിസംബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍മഗാമിസ് പറഞ്ഞു. കിഴക്കന്‍ മേഖല ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ‘വാണിജ്യ തര്‍ക്കങ്ങളിലെ അക്കൗണ്ടിംഗ് അനുഭവ റിപ്പോര്‍ട്ടുകള്‍’ എന്ന വിഷയത്തിലെ വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തന ഗുണമേന്മ ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് നിയമം പരിഷ്‌കരിക്കുന്നത്.
നിലവിലെ നിയമത്തില്‍ മുന്നറിയിപ്പ്, സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കല്‍ എന്നിവയുടെ കാലാവധി ആറുമാസം വരെയായിരുന്നു. അത് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കും. അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകും. നിയമ വിരുദ്ധമായി തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പരിഷ്‌കരിച്ച നിയമമെന്നും ഡോ. അഹ്മദ് അല്‍ഗാമിസ് പറഞ്ഞു. നിയമ ലംഘനം പിടികൂടിയാല്‍ ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.ഒപ്പം മുന്നറിയിപ്പ് നോട്ടീസ് നല്‍കി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനും ഏര്‍പ്പെടുത്തും. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിപ്പിക്കാനും ലൈസന്‍സ് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുമെന്നും സെക്രട്ടറി പറഞ്ഞു.
തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍, ഇത്തരം റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.