സൗദിയിൽ കഫേകളിലും റെസ്റ്റോറന്റുകളിലും അഞ്ചാം ഘട്ടത്തിൽ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി . ഘട്ടം ഘട്ടമായി കറന്‍സിയുടെ കൈമാറ്റം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്‌ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പാക്കാന്‍ തുടങ്ങിയത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കികൊണ്ടിരിക്കുകയാണ് . ആദ്യം പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ഓഗസ്റ്റ് 25 ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ-പേയ്മെന്റ് നടപ്പാക്കാനാണ് തീരുമാനം.
അഞ്ചാംഘട്ട നടപടികളുടെ ഭാഗമായാണ് റസ്റ്ററന്റുകളിലും കഫേകളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ചെറുകിട മേഖലയിലെ 70 ശതമാനം വരുന്ന അന്‍പതോളം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയത് പെട്രോള്‍, ഗ്യാസ് സ്റ്റേഷനുകളിലായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ വര്‍ക്ക് ഷോപ്പുകള്‍, ഓട്ടോ പാര്‍ട്സ് കടകള്‍ എന്നിവയാണ് ഉള്‍പ്പെട്ടത്. സലൂണുകള്‍, ലോന്‍ഡ്രി സര്‍വീസുകളിലാണ് മൂന്നാം ഘട്ടത്തില്‍ ഇത് നടപ്പാക്കിയത്. പലവ്യഞ്ജന കടകളും സപ്ലൈ സ്റ്റോറുകളുമാണ് നാലാം ഘട്ടത്തില്‍ ഉൾപ്പെടുത്തിയിരുന്നു.