ഹൂതി വിമതരും സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു, ഹൂതികളുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തര്‍. സൗദിക്ക് ഐക്യദാര്‍ഢ്യം
റിയാദ് :യെമനിലെ വിമത സേനയായ ഹൂതികളുടെ വ്യോമാക്രമണത്തില്‍ സൗദി അതിര്‍ത്തി പ്രവിശ്യയായ ജിസാനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഒരു സൗദി പൗരനും ഒരു യെമനി പൗരനും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏഴു പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ ഒരു ബംഗ്ലാദേശി പൗരനുമുണ്ട്.
ശനിയാഴ്ച സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ യെമനില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ജിസാനിലെ തിരക്കേറിയ തെരുവിലെ ഒരു വ്യാപാര സ്ഥാപനത്തിലാണ് ഹൂതികളുടെ റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ നിരവധി കാറുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഹൂതികളുടെ ആയുധ സംഭരണശാലകള്‍ക്കും റോക്കറ്റ് ആക്രമണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കും നേരെ സഖ്യസേന വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു.
ഇരുഭാഗത്തു നിന്നുമുള്ള ആക്രമണ-പ്രത്യാക്രമണങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചു വരികയാണ്. സൗദിയിലെ ജിസാനിലെ ആക്രമണത്തില്‍ ഖത്തര്‍ ഉള്‍പ്പടെയുള്ള ജിസിസി രാജ്യങ്ങള്‍ അപലപിച്ചു.
2014 ലാണ് പട്ടാള അട്ടിമറിയിലൂടെ യെമന്റെ തലസ്ഥാനമായ സനയുടെ നിയന്ത്രണം വിമതരായ ഹൂതികളുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ അട്ടിമറി നടന്നത്. ക്രമേണ വടക്കന്‍ യെമന്റെ നിയന്ത്രണം ഇവരുടെ കൈകളിലായി. എന്നാല്‍, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിലൂടെ ഹൂതികളില്‍ നിന്ന് വീണ്ടും അധികാരം തിരിച്ചുപിടിക്കുകയും പഴയ ഭരണം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഹൂതികള്‍ സൗദിക്കെതിരെ തിരിഞ്ഞത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണം ഹൂതികള്‍ തുടരുകയാണ്.










