ഈസ്റ്റേണ്‍, നോര്‍ത്തേണ്‍, സെന്‍ട്രല്‍ റീജിയണലുകളിലും എംപ്റ്റി ക്വാര്‍ട്ടറിലുമാണ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയതെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ ഓയില്‍ കമ്പനിയായ അരാംകോയുടെ നേതൃത്വത്തില്‍ നാല് ഇടങ്ങളില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തി
ഈസ്റ്റേണ്‍, നോര്‍ത്തേണ്‍, സെന്‍ട്രല്‍ റീജിയണലുകളിലും എംപ്റ്റി ക്വാര്‍ട്ടറിലുമാണ് എണ്ണ പര്യവേഷണത്തിനിടെ പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്.
സെന്‍ട്രല്‍ റീജിയണിലെ ഷൗദന്‍ എണ്ണപാടത്ത് വാതക ബഹിര്‍ഗമനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് 27 മില്യണ്‍ ക്യുബിക് അടി ( ഏകദേശം 3,300 ബാരല്‍) പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്.
ഇതേ മേഖലയിലെ അല്‍ ഷൗഫ എണ്ണപ്പാടത്തും വാതക ശേഖരം കണ്ടെത്തിയിട്ടുണ്ട്. വടക്കന്‍ അതിര്‍ത്തി പ്രദേശമായ ഉം ഖനസറിലെ സാമന എണ്ണപ്പാടത്തും പ്രകൃതി വാതക ശേഖരം കണ്ടെത്തി.
സാമന -2 എന്ന ഭാഗത്ത് പ്രതിദിനം 58 ലക്ഷം ക്യുബിക് അടി (24 ബാരലുകള്‍) ലഭിക്കാവുന്ന വാതക ശേഖരമാണ് കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൂഡ് ഓയിലിനൊപ്പം പ്രകൃതി വാതകം കൂടുതലായി കണ്ടെത്തുന്നതിനുള്ള ശ്രമമാണ് സൗദി നടത്തിവരുന്നത്. വൈദ്യുത ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രകൃതി വാതകം കണ്ടെത്താന്‍ ശ്രമം നടത്തുന്നത്.
ഇതു കൂടാതെ മറ്റു ചില മേഖലകളിലും പ്രകൃതി വാതകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചിലത് ഭാവിയിലേക്ക് കരുതലായി വെയ്ക്കാനാണ് പദ്ധതി. പാറകളുടെ ഇടയിലുള്ള ശേഖരവും പുതിയ കണ്ടെത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷെയില്‍ എന്ന പരമ്പരാഗതമല്ലാത്ത ശേഖരമാണിത്. ഇവയില്‍ നിന്ന് വാതകം പുറത്തെടുക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമുണ്ട്.