റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തിയ വേളയില്‍, ഇസ്രായേല്‍ സംഘം സൗദിയില്‍ രഹസ്യ
സന്ദര്‍ശനം നടത്തിയതായി പുറത്തുവന്ന വാര്‍ത്ത സൗദി വിദേശ കാര്യ മന്ത്രാലയം നിഷേധിച്ചു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും റിപ്പോര്‍ട്ട് നിരസിക്കുന്നുവെന്നും വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
I have seen press reports about a purported meeting between HRH the Crown Prince and Israeli officials during the recent visit by @SecPompeo. No such meeting occurred. The only officials present were American and Saudi.
— فيصل بن فرحان (@FaisalbinFarhan) November 23, 2020
യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ സന്ദര്‍ശന വേളയില്‍ കിരീടാവകാശിയും ഇസ്രായേല്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത്തരം ഒരു കൂടിക്കാഴ്ച്ചയും നടന്നിട്ടില്ലെന്നും അമേരിക്കന്‍ സൗദി ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയിലെന്നും വിദേശ കാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയോമിലെ വിമാനത്താവളത്തില്‍ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ യാത്രയയപ്പ് യോഗത്തില്‍ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നു. ഇസ്രായേലില്‍ നിന്നുള്ള ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയില്‍ സന്ദര്‍ശനത്തിലെത്തിയ അതെ സമയത്ത് ഇസ്രായേലില്‍ നിന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ ചാര സംഘടന തലവന്‍ യോസഫ് മെര്‍ കോഹെനും സൗദിയിലെ ചെങ്കടല്‍ തീരത്തെ നിയോമില്‍ എത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.











