വാനില്‍ ഉയര്‍ന്നു പാറുന്ന ഹരിത പതാകകളില്‍ വിശുദ്ധ വചനങ്ങള്‍…….വൈവിധ്യവും വരണശബളവുമായ അലങ്കാര പൊലിമയില്‍ പ്രവിശ്യകള്‍ സജീവം. .നഗരവീഥികളുടെ ഇരുവശങ്ങളും പാലങ്ങളുടെ കൈവരികളും വന്‍കിട കെട്ടിടങ്ങളും പതാക, തോരണങ്ങള്‍, ബാനറുകള്‍ എന്നിവയാല്‍ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ചയൊരുക്കുന്നു. 90 ആം ദേശീയ ദിനത്തിന്റെ ആഘോഷ നിറവിലാണ് സൗദി അറേബ്യ .
1932 സെപ്റ്റംബര്‍ 23ന് സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവ് വിവിധ പ്രദേശങ്ങളെ കോര്‍ത്തിണക്കി സൗദി അറേബ്യയെന്ന ആധുനിക രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ ദേശീയ ദിനവും.16ാം നൂറ്റാണ്ടില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ കീഴിലായിരുന്ന ഒരു പ്രദേശം വിവിധ സുല്‍ത്താനേറ്റുകളായിരുന്നു. അന്ന് ഏകീകൃത സൗദി അറേബ്യ നിലവില്‍ വന്നിരുന്നില്ല. പിന്നീട് 1921ല്‍ ഖിലാഫത്ത് തകര്‍ന്ന് ഏഴാണ്ട് ബിന്‍ സഊദ് നജ്ദിന്റെ രാജാവായി അധികാരത്തില്‍ വന്നു. 1925ല്‍ അദ്ദേഹം ഹിജാസ് കൂടി കീഴടക്കി. അങ്ങനെ നജ്ദിന്റെയും ഹിജാസിന്റെയും ഭരണകാര്യം നിര്‍വഹിച്ചു വരുന്നതിനിടെയാണ് അദ്ദേഹം രണ്ടു പ്രദേശങ്ങള്‍കൂടി യോജിപ്പിച്ച് 1932ല്‍ സൗദി അറേബ്യ സ്ഥാപിക്കുന്നത്. നേരത്തേ വിവിധ നാട്ടുരാജ്യങ്ങളായി കഴിഞ്ഞ പ്രദേശങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ച് അവരുടെ നിയമവ്യവസ്ഥകളെ മാറ്റി വളരെ വ്യവസ്ഥാപിതവും സുസജ്ജവുമായാണ് അബ്ദുല്‍ അസീസ് രാജാവ് സൗദി അറേബ്യയെന്ന ഏകീകൃത രാഷ്ട്രം സ്ഥാപിക്കുന്നത്. ഈ ദിനം എല്ലാ വര്‍ഷവും ദേശീയ ദിനമായി ആചരിക്കാന്‍ അബ്ദുല്ല രാജാവാണ് ഉത്തരവിട്ടത്.
ആരോഗ്യസുരക്ഷ മുന്‍കരുതല്‍ പാലിച്ചാണ് വിവിധ മേഖലകളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. 60ഓളം സൈനിക, സിവിലിയന്‍ വിമാനങ്ങള്‍ പങ്കെടുക്കുന്ന എയര്‍ഷോ ആണ് ദേശീയദിനാഘോഷ പരിപാടികളിലെ ആകര്‍ഷക ഇനം. സൗദിചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ഷോയാണ് ബുധനാഴ്ച വൈകീട്ട് നാലിന് അരങ്ങേറുന്നത്. മാനത്തെ വിസ്മയിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം സൗദി ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് ഷോയിലൂടെയും രാജ്യവാസികള്‍ വീടുകളിലിരുന്ന് തത്സമയം കാണാം. വിവിധ സ്ഥലങ്ങളില്‍ വെടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 22 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്നതാണ് ദേശീയ ദിനാഘോഷ പരിപാടികള്‍.
അതേസമയം, രാജ്യത്തിന്റെ 90ാമത് ദേശീയദിനം പ്രമാണിച്ച് രാജ്യത്തിനകത്തും പുറത്തുനിന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ആശംസാ സന്ദേശങ്ങളുടെ പ്രവാഹമാണ്. വിവിധ രാഷ്ട്രത്തലവന്മാരും ലോകനേതാക്കളും ആശംസകള്‍ നേര്‍ന്നു. ആരോഗ്യത്തിനും സന്തോഷകരമായ ജീവിതത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിച്ചും ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും പുരോഗതിയും നേര്‍ന്നും വിവിധ മേഖലകളില്‍ സൗദി അറേബ്യ സാക്ഷ്യം വഹിച്ച മികച്ച വികസനനേട്ടങ്ങളെ പ്രശംസിച്ചും ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റും ഭരണാധികളുടെയും സന്ദേശങ്ങളാണ് സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ലഭിച്ചത്.