റിയാദ്: വിദേശികള്‍ക്കു രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാന്‍ അനുമതി നല്‍കി സൗദി അറേബ്യ. സൗദിയിലുള്ള വിദേശികള്‍ക്കു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നാട്ടിലേക്കു മടങ്ങാനാണ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച പുറത്തുവിട്ട സര്‍ക്കുലറില്‍ വിദേശികള്‍ക്കു മാത്രം യാത്രാനുമതി എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തുള്ള സൗദി പൗരന്‍മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചു യാത്ര ചെയ്യിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദേശത്തുനിന്നു സൗദിയിലേക്കു വരാന്‍ അനുമതിയില്ല.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സൗദി രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത വകഭേദം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കു സൗദിയില്‍ നിന്നും യാത്രാനുമതി ഉണ്ടായിരിക്കില്ല. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സൗദിയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാനാണ് അധികൃതകരുടെ തീരുമാനം.