റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ഷിപ്പിംഗ് സൗകര്യം സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ടിലെ മോഡല്‍ കാര്‍ഗോ വില്ലേജിലെ സൗദി എയര്‍ലൈന്‍സിന്റെ ലോജിസ്റ്റിക് സാല്‍ ഷിപ്പിംഗ് സ്റ്റേഷനിലായിരിക്കും വാക്‌സിനുകള്‍ സൂക്ഷിക്കുക.
13 ഓളം റെഫ്രിജറേറ്റഡ് സ്റ്റോറേജ് റൂമുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഓരോ മുറികളുടെയും റഫ്രിജറേറ്റര്‍ താപനില ടാബ്ലറ്റ് വഴി പരിശോധിക്കാവുന്നതുമാണ്. ഏതെങ്കിലും മുറികളില്‍ തണുപ്പ് കുറയുകയോ മറ്റ് എന്തെങ്കിലും തകരാര്‍ വല്ലതും സംഭവിച്ചാല്‍ ഉടനടി അലാറം മുഴകുമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദിനേന 100 ഠന്‍ വാക്‌സിനുകള്‍ സംഭരിക്കാനുള്ള ശേഷി ഇവിടെയുണ്ട്.
വാക്‌സിനുകള്‍ വിമാനത്തില്‍ നിന്ന് നേരെ ശീതീകരിച്ച കണ്ടയ്‌നറുകളിലേക്ക് മാറ്റുകയും പിന്നീട് ട്രക്കുകളിലായി നേരെ ഇവിടേക്ക് കൊണ്ടുവരികയാണ് ചെയ്യുക. സൗദിയിലെ മെഡിക്കല്‍, ഭക്ഷ്യവസ്തുക്കളുടെ ഷിപ്പിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ആഗോള തലത്തില്‍ ലോജിസ്റ്റിക് മേഖലയില്‍ ഏറ്റവും മികച്ച രാജ്യമായി സൗദിയെ മാറ്റുന്നതിന്റെയും ഭാഗമായാണ് ഈ ആധുനിക സൗകര്യം സാല്‍ ഒരുക്കിയത്.



















