അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി നടന്നതായി റിപ്പോര്‍ട്ട്. ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച പണത്തില്‍ 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ചുമത്തി.
നവംബര്‍ 2018 മുതല്‍ മാര്‍ച്ച് 2020 വരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഇവര്‍ ബാങ്കില്‍ അടച്ചില്ലെന്ന് പോലീസ് കണ്ടെത്തി. ടിക്കറ്റ് വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം ബാങ്കിലെത്തിക്കാന്‍ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പണം സ്വീകരിച്ച് തൊട്ടടുത്ത ദിവസം ഇവര്‍ ബാങ്കിലെത്തിക്കും. എന്നാല്‍ ഏജന്‍സിയിലെ ചില ജീവനക്കാര്‍ ഇത്തരത്തില്‍ പണം നിക്ഷേപിക്കാതെ 5.24 കോടി രൂപ തിരിമറി നടത്തിയെന്നാണ് എഫ്‌ഐഐറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 420, 406, 120-ബി എന്നീ വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയത്. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എന്നാല്‍ തട്ടിപ്പ് നടന്നിട്ടില്ലെന്നും 5.24 കോടി ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സ്റ്റാറ്റിയൂ ഓഫ് യൂണിറ്റി മാനേജ്മെന്റ് വ്യക്തമാക്കി. വിഷയത്തില്‍ സ്റ്റാറ്റിയൂ ഓഫ് യുണിറ്റിയുടെ മാനേജ്മെന്റിന് ഉത്തരവാദിത്തമില്ലെന്നും പണം ശേഖരിക്കുന്ന ഏജന്‍സിയും ബാങ്കുമായി ബന്ധപ്പെട്ടതാണ് വിഷയം എന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.











