അമരാവതി: ആന്ധ്രയില്‍ ശീതളപാനീയങ്ങളിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ച ഒന്‍പത് പേര്‍ മരിച്ചു. പ്രകാശം ജില്ലയിലെ കുറിച്ചെഡു എന്ന സ്ഥലത്താണ് സംഭവം. പ്രദേശത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ മദ്യക്കടകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിസൈറ്റര്‍ വെള്ളത്തില്‍ കലക്കി കുടിക്കാന്‍ തുടങ്ങിയത്. സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധന നടക്കുകയാണെന്നും പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൗശല്‍ അറിയിച്ചു.
അതേസമയം, പത്ത് ദിവസത്തോളമായി ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ പ്രദേശത്തുള്ളവര്‍ വ്യാജമദ്യം, സാനിറ്റൈസര്‍ എന്നിവ കുടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.