കൊച്ചി: ലൈഫ് മിഷന്‍ ക്രമകേടുമായി ബന്ധപ്പെട്ട് കരാറുകാരനായ സന്തോഷ് ഈപ്പന്റെ ഡോളര്‍ ഇടപാട് അന്വേഷിക്കാന്‍ വിജിലന്‍സ് സംഘം നാളെ കൊച്ചിയിലെത്തും. കേസുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴിയാണ് ഒരു കോടിയിലേറെ ഡോളര്‍ അനധികൃതമായി സന്തോഷ് ഈപ്പന്‍ വാങ്ങിയത്. കേസില്‍ പ്രതിയായ ഖാലിദിന് കോഴ നല്‍കാനായിരുന്നു വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആക്സിസ് ബാങ്ക് ഡോളര്‍ ശേഖരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. അതേസമയം, അതേസമയം സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഏഴാമത്തെ ഐ ഫോണിന്റെ ഉടമയെ കണ്ടെത്താന്‍ വിജിലന്‍സിന് ഇതുവരെ സാധിച്ചിട്ടില്ല.
എന്നാല്‍, ഐ ഫോണുകളില്‍ ഒന്ന് ഇന്ത്യയില്‍ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. എം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നാളെ കോടതിയെ സമീപിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കുക.