കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ എല്ലാം മറന്ന് സഹായിക്കാന്‍ ഓടിയ രക്ഷാപ്രവര്‍ത്തര്‍ക്ക് പോലീസ് സല്യൂട്ട് അടിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ‘ രക്ഷാപ്രവര്‍ത്തകരെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പോയി കേരള പോലീസ് സല്യൂട്ടടിച്ച് ആദരവ് പ്രകടിപ്പിക്കുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രം സണ്ണി വെയ്ന്‍, ഹരീഷ് പേരടി, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു.എന്നാല്‍ ഇത് ഔദ്യോഗിക അനുമതിയോടെയല്ലെന്ന് മലപ്പുറം പോലീസ് അറിയിച്ചു. മലപ്പുറത്തെ സിവില്‍ പോലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്.സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി മലപ്പുറം പോലീസ് സൂപ്രണ്ട് യു അബ്ദുള്‍ കരീം പറഞ്ഞു.
വിമാനപകടത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പോയത്. കോവിഡിനെ പോലും മറന്നാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പരിക്കേറ്റവര്‍ക്ക് മുന്നില്‍ സാമൂഹിക അകലം മാറ്റിവെച്ച് സ്വന്തം വാഹനങ്ങളില്‍ കയറ്റിയാണ് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. പോലീസ്, ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബൈ-കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. 19 പേരാണ് മരിച്ചത്. പൈലറ്റടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.










