കൊച്ചി: ഐ.എഫ്.എഫ്.കെയുടെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടന്‍ സലിംകുമാര്‍. ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐ.എഫ്.എഫ്.കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും നടന്‍ വിമര്‍ശിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്‌കാര ജേതാക്കളില്‍ സലിംകുമാര്‍ ഉണ്ടായിരുന്നില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണ് കാരണമെന്നും നടന്‍ ആരോപിച്ചിരുന്നു.
വിഷയം വിവാദമായതോടെ സലീംകുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്തെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്ന് കമല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ നിന്നും സലിംകുമാറിനെ ഒഴിവാക്കില്ല. സലിംകുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ലെന്നും കമല്‍ അറിയിക്കുകയായിരുന്നു.












