സംവിധായകനും നടനുമായ സാജിദ് യഹിയാ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ ‘കണ്‍കള്‍ നീയേ’ മികച്ച പ്രതികരണം നേടി ശ്രദ്ധേയമാകുന്നു. പ്രശസ്ത പിന്നണി ഗായികശ്രേയരാഘവ് പാടി അഭിനയിച്ച ഗാനം മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങിയത്. തമിഴ് വേര്‍ഷന്‍ റിലീസ് ചെയ്തത് തെന്നിന്ത്യന്‍ താരം റഹ്‌മാനും. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
ശ്രേയ രാഘവിനൊപ്പം പുതുമുഖം അനസ് റഹ്‌മാനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി പി ഒറിജിനല്‍ റെക്കോര്‍ഡ്‌സ് ആണ് ‘കണ്‍കള്‍ നീയേ’നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ഞായറാഴ്ച റിലീസ് ചെയ്തത്.
ഉന്നത നിലവാരമുള്ള ഒരു ഷോര്‍ട്ട് ഫിലിം പോലെ മനോഹരമായാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഗീതത്തേക്കാളും ആലാപനത്തേക്കാളും ഏറെ ഉയരത്തിലാണ് മനം മയക്കുന്ന അതിന്റെ ടേക്കിംഗ്. സാജിദ് യാഹിയയുടെ സംവിധാനമികവു തന്നെയാണ് ഇവിടെ എടുത്തുകാണുന്നത്. അപൂര്‍വം ചിലരെങ്കിലും ഊഹിച്ചേക്കാവുന്ന ഹൃദയാവര്‍ജകമായ ട്വിസ്റ്റാണ് വിഡിയോയുടെ ക്ലൈമാക്സില്‍ കാത്തിരിക്കുന്നത്.
മലയാളത്തില്‍ വൈശാഖ് സുഗുണന്‍, ലിങ്കു എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയാണ്. ഗാനത്തിന്റെ തമിഴ് വരികള്‍ രചിച്ചിരിക്കുന്നത് ശിവ ഗംഗ. ഛായാഗ്രഹണം സോണി സെബാന്‍, ആസിഫ് പാവ്. എഡിറ്റിങ്ങ് അമല്‍ മനോജ്, പ്രോഗ്രാമിംഗ് സിബി മാത്യു അലക്സ്, മേക്കപ്പ് അനീഷ് സി ബാബു, സെക്കന്റ് യൂണിറ്റ് ക്യാമറ സാജന്‍ സെബാസ്റ്റ്യന്‍, ആഷിഖ്, ഹിഷാം അന്‍വര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാഹിദ് മുഹമ്മദ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ധീന്‍, ഡി ഐ ആന്‍ഡ് കളറിങ് സുജിത് സദാശിവന്‍.