കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ആര്‍ഡിഒയ്ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളും സാജനെ അലട്ടിയിരുന്നുവെന്നും ആന്തൂര്‍ നഗരസഭയ്‌ക്കോ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്‌ക്കോ സാജന്റെ ആത്മഹത്യയില്‍ പങ്കില്ലെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്ന സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
15 കോടിരൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനംനൊന്തായിരുന്നു കണ്ണൂര്‍ ആന്തൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചരുന്നു.