യൂറോപ്പിനൊപ്പം ഗള്‍ഫ് രാജ്യങ്ങളേയും പലവിധത്തിലും ബാധിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളിലും ആശങ്ക പടര്‍ത്തുന്നു
ദുബായ് : യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന്റെ അനുരണനങ്ങള്‍ .മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പ്രകടമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യയുടെ മിസൈലുകള്‍ പതിച്ച വാര്‍ത്തകള്‍ എത്തിയതോടെ ഇത് തങ്ങളുടെ ദേശത്തെ എങ്ങിനെ ബാധിക്കുമെന്നാണ് പലരും അന്വേഷിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് അല്പം ആശ്വാസം ലഭിച്ചയുടനെയാണ് ഇത്തരമൊരു സ്ഥിതി വിശേഷം എത്തുന്നത്.
ഭക്ഷ്യസാമഗ്രികളുടേയും മറ്റും വില ഉയരാനുള്ള അവസ്ഥ സംജാതമാകുന്നതിനൊപ്പം
തൊഴിലിനേയും ബിസിനസിനെയും പോലും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സ്വര്‍ണത്തിന്റെയും ക്രൂഡോയിലിന്റേയും വില എക്കാലത്തേയും ഉയരത്തില്‍ എത്തുന്നതിനൊപ്പം
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വലിയതോതില്‍
ഇടിയാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ ആരോഗ്യപരമായ സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് അഭികാമ്യമെന്ന്, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ധനകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐബിഎംസി ഫിനാഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് എംഡിയും സിഇഒയുമായ പികെ സജിത് കുമാര്‍ പറയുന്നു.
യുദ്ധനാന്തരം സംഭവിക്കാനിടയുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു കുറച്ചുള്ള സാമ്പത്തിക അച്ചടത്തിന് ശ്രമിക്കണം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആഗോള വ്യോമയാന മേഖലയില്‍ പാസഞ്ചര്‍ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചുവെങ്കിലും കാര്‍ഗോ വിമാനങ്ങളെ ഇത് സാരമായി ബാധിച്ചിരുന്നില്ല, കയറ്റുമതിയും ഇറക്കുമതിയും സുഗമമായി നടന്നിരുന്നതിനാല്‍ വിലക്കയറ്റം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ യുദ്ധം കയറ്റിറക്കുമതികളെകയറ്റിറക്കുമതികള്‍ക്ക് പ്രതിബന്ധമാകുമെന്നതിനാല്‍
രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ആവശ്യ വസ്തുക്കളുടെ വരവ് നിലക്കുന്നതോടെ വിലക്കയറ്റം ഉണ്ടാവുകയും ചെയ്യും.
വിപണിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഇടപെടുമെന്നതിനാല്‍ ഒരുപരിധിവരെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുമായേക്കും.
കയറ്റിറക്കുമതികള്‍ നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്നത് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്നതിനാല്‍ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളം വെട്ടിക്കുറയ്ക്കുകയോ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ ഒക്കെ ചെയ്യാന്‍ നിര്‍ബന്ധിതരുമാകാം. സജിത് കുമാര്‍ ചൂട്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് സ്വാഭാവികമായും നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളെ പ്രേരിപ്പ്ിക്കുമെങ്കിലും പ്രവാസ ലോകത്തെ ചെലവു വര്‍ദ്ധിക്കുമെന്നതിനാല്‍ ഇത്തരമൊരു നീക്കം ആലോചിച്ച് വേണം ചെയ്യാനെന്നും സജിത് കുമാര്‍ പറയുന്നു.
യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വില വിപണി വില അനുസരിച്ചാണ് പ്രതിമാസം നിശ്ചയിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 105 യുഎസ് ഡോളര്‍ എത്തിയെന്നതിനാല്‍ വരും മാസം കൂടുതല്‍ തുക ഇന്ധനത്തിനായി നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ഒപ്പം മറ്റ് ആവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുകയും ചെയ്താല്‍ മാസ ബജറ്റ് താളം തെറ്റും.
നിക്ഷേപകരായ പ്രവാസികള്‍ ഓഹരി വിപണിയില്‍ പണം ഇറക്കുമ്പോഴും കരുതല്‍ സ്വീകരിക്കണം. ആഗോള തലത്തിലും ഏഷ്യന്‍ വിപണിയിലും വിലസൂചികകള്‍ കൂപ്പുകുത്തിയിരിക്കുകയാണ്. ഇനിയും ഇത് തുടരാം. സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിക്കുമ്പോള്‍ രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പതിക്കുകയുമാകും വരും ദിവസങ്ങളില്‍ അനുഭവപ്പെടാന്‍ പോകുന്നത്. റിസര്‍വ്വ് ബാങ്കിന്റെ ശക്തമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍ ഇടിയും -സജിത് കുമാര്‍ പറയുന്നു.
റഷ്യ-യുക്രെയിന്‍ യുദ്ധം നിക്ഷേപകര്‍ക്ക് റിസ്‌ക് എടുക്കാനുള്ള മനോബലം നഷ്ടപ്പെടുത്തുമെന്നും ട്രേഡേഴ്‌സ് നേരിടുന്ന ഈ ഭീഷണി വിപണിയെ അനിശ്ചിതത്വത്തിലാക്കുമെന്നും പ്രമുഖ ഓണ്‍ലൈന്‍ വ്യാപര ബ്രോക്കര്‍മാരായ അവഡ്രേഡിന്റെ ചിഫ് മാര്‍ക്കറ്റ് അനലിസ്റ്റ് നയീം അസ്ലം പറയുന്നു. കോവിഡ് മഹാമാരി മൂലം ഉപഭേക്തൃ വില ഉയര്‍ന്നിരിക്കുകയാണ്. എണ്ണ വില ഉയരുന്നതോടെ വിലക്കയറ്റം ഇനിയും അനുഭവപ്പെടും. 2022 വര്‍ഷാന്ത്യം വരെ ഇതിന്റെ പ്രതിഫലനം നിലനില്‍ക്കുമെന്നും നയിം അസ്ലം വിലയിരുത്തുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ നേറ്റോ സഖ്യകക്ഷികളും മറ്റും അണി നിരന്നാല്‍ ഇപ്പൊഴത്തെ സാമ്പത്തിക പ്രതിസന്ധി വലിയ തൊതില്‍ ഉയരും. സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപകങ്ങളിലേക്ക് ആളുകള്‍ ചുവടുമാറ്റുന്നത് നിലവില്‍ തന്നെ റെക്കോര്‍ഡ് വിലയിലെത്തിയ മഞ്ഞ ലോഹത്തിന്റെ വില റോക്കറ്റ് കുതിക്കും പോലെയാകുമെന്ന് എമര്‍ജിംഗ് മാര്‍ക്കറ്റ് എക്‌സ്‌പെര്‍ട്ടുകളായ ടെല്ലിമെര്‍ റിസേര്‍ച്ചിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസ്‌നെയിന്‍ മാലിക് പറയുന്നു.
തങ്ങളുടെ മെഷിന്‍ ലേണിംഗ് അടിസ്ഥാനത്തിലുള്ള സംവിധാനം ഇത്തരമൊരു പ്രവചനമാണ് നടത്തുന്നത്. സ്വര്‍ണത്തിന്റെ വില പത്തു ശതമാനത്തോളം വര്‍ദ്ധിക്കുമെന്നും മെയ് അവസാനം വരെ ഈ സ്ഥിതി തുടരുമെന്നും മാലിക് പറയുന്നു.
സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില രേഖപ്പെടുത്തുമ്പോള്‍ ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം റക്കൊര്‍ഡ് നിലവാരത്തില്‍ ഇടിയുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍, എക്‌സേഞ്ച് നിരക്കിലൂടെ കൂടുതല്‍ രൂപ ലഭിക്കുമെങ്കിലും നാട്ടിലേക്ക് പണം അയയ്ക്കാന്‍ ശ്രമിക്കുന്നത് പ്രവാസികള്‍ക്ക് ജീവിത ചെലവ് ഏറുമെന്നതിനാല്‍ അഭികാമ്യവുമല്ലെന്നുമാണ് വിലയിരുത്തല്‍.