യുദ്ധമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ചിന് മോസ്‌കോ സമയം രാവിലെ പത്തുമുതല്‍ അഞ്ചര മണിക്കൂര്‍ സമയമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍.
മോസ്‌കോ :യുക്രയിനിലെ കിഴക്കന്‍ നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ പത്ത് ദിവസമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസമായി.
മരിയുപോള്‍, വോള്‍നോവാബ എന്നിവിടങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ മനുഷ്യ ഇടനാഴി ഒരുക്കാമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
യുദ്ധം തുടങ്ങിയ ശേഷം യുക്രെയിനില്‍ പലയിടങ്ങളിലും ബങ്കറുകളില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് സഹായകരമാകും.
ഭക്ഷണവും വെള്ളവും പോലും കിട്ടാതെ പലരും അവശ നിലയിലാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയിന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
യുക്രെയിനിന്റെ കിഴക്കന്‍ നഗരങ്ങളില്‍ അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍. റഷ്യന്‍ സമയം രാവിലെ പത്തു മുതല്‍ വെടിനിര്‍ത്തല്‍ സമയം ആരംഭിക്കും. ഈ സമയം വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.