പ്രതാപ് നായര്‍
ചരിത്രത്തിലാദ്യമായി കേരളത്തില്‍ കത്തോലിക്കാ സഭ അവരുടെ സഭാംഗങ്ങളുടെ മൃതദേഹങ്ങള്‍ പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാന്‍ അനുമതി നല്‍കി. ആലപ്പുഴ രൂപതയാണ് ഇത്തരത്തില്‍ മൃതദേഹം കല്ലറയില്‍ അടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരം മാറ്റി വെച്ച് ദഹിപ്പിക്കാന്‍ തീരുമാനം എടുത്തത്. ഇതോടെ ബിഷപ്പ് ഡോ.ജെയിംസിന്റെ പേരും, ആദ്യ സംസ്‌കാരം നടന്ന കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയും ചരിത്രപുസ്തകത്തില്‍ ഇടംനേടി.
കോവിഡ് പോസിറ്റീവായി മരിക്കുന്ന ആളുകളുടെ മൃതദേഹം പൊതുവായ കേന്ദ്രങ്ങളില്‍ ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും ഉത്തരവിറക്കി.സമാനമായ രീതിയില്‍ മറ്റു സഭകളും നീങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഇത്തരത്തില്‍ മറ്റൊരു വാര്‍ത്ത വയനാട് ജില്ലയില്‍ വെള്ളമുണ്ട പഞ്ചായത്തില്‍ നിന്നാണ് എത്തിയത്. ബാംഗ്ലൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേ ബത്തേരിയില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തടസ്സമുള്ളതിനാല്‍ വാരാമ്പറ്റ പള്ളി ഖബര്‍സ്ഥാനത്ത് മറവു ചെയ്യാന്‍ മഹല്ല് കമ്മിറ്റി സമ്മതിക്കുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തൊരുമയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം മറവു ചെയ്യാന്‍ മുന്നില്‍ നിന്നതെന്ന് അറിയുമ്പോള്‍ അഴിഞ്ഞു വീഴുന്നത് മറ്റൊരു ആചാരം.
മാറുന്ന ആചാരങ്ങള്‍… മാറ്റിയ ജീവിത രീതികള്‍
കോവിഡ് എന്ന മഹാമാരി ആദ്യം ആചാരങ്ങള്‍ മുടക്കിയത് ഈസ്റ്ററിനെയായിരുന്നു. ഏപ്രില്‍ മാസത്തിലെ ഈസ്റ്ററിനു വിശ്വാസികള്‍ എല്ലാവരും വീട്ടിലിരുന്നു അപ്പം മുറിച്ചു, വീഞ്ഞ് പാനം ചെയ്തു, പ്രാര്‍ത്ഥിച്ചു. ഏകനായി പള്ളിമേടയിലേക്ക് കര്‍മ്മങ്ങള്‍ക്കായി നടന്നു നീങ്ങുന്ന മാര്‍ പാപ്പയുടെ ദൃശ്യം ലോകം മുഴുവന്‍ കണ്ടു. കേരളത്തിലെ പള്ളികളിലും ബിഷപ്പുമാരും അച്ചന്മാരും ഒറ്റയ്ക്ക് ചടങ്ങുകള്‍ നടത്തി, ഓണ്‍ലൈനിലൂടെ വിശ്വാസികളും വിശുദ്ധ കര്‍മ്മത്തില്‍ വിര്‍ച്യുല്‍ പങ്കാളികളായി.
ഇത്തവണത്തെ വിഷു ആഘോഷവും കോവിഡിന്റെ ഭീതിയില്‍ മുങ്ങി. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കണ്ണനെ കണികാണാന്‍ എത്തുന്ന ഗുരുവായൂരില്‍ ആദ്യമായി കണി ദര്‍ശനത്തിനു ആര്‍ക്കും പ്രവേശനം ലഭിച്ചില്ല.ശബരിമലയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിഷുവിന് നട തുറന്നെങ്കിലും നാമമാത്രമായ ദേവസ്വം ഉദ്യോഗസ്ഥരും പൂജാരിമാരും മാത്രമായി സന്നിധാനം ശാന്തമായിരുന്നു. അതിനു ശേഷം വന്ന ഓരോ മലയാളമാസവും ശബരിമലയില്‍ സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.
ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചത് കോവിഡിന്റെ പേടി കൊണ്ട് തന്ന ആയിരുന്നു. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈദ് നമസ്‌കാരങ്ങളും, നാനാമതസ്ഥരെ പങ്കെടുപ്പിച്ചു നടത്തി വരാറുള്ള ഇഫ്താര്‍ വിരുന്നുകളും വേണ്ടെന്നു വെച്ചപ്പോള്‍ അതും ആദ്യം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ലെങ്കിലും പെട്ടെന്ന് തന്നെ എല്ലാവരും അതുമായി പൊരുത്തപ്പെട്ടു.
ഏപ്രിലും, മേയും, ജൂണും കടന്നു ജൂലൈയില്‍ എത്തുമ്പോള്‍ കോവിടിന്റെ സംഹാര താണ്ഡവം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്ന കാഴ്ചയാണ് ഇന്ത്യയിലാകമാനം കണ്ടുവരുന്നത്.
ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി കേരളത്തില്‍ നടന്നത് വീടുകളിലാണ്. പിതൃക്കള്‍ക്ക് മോക്ഷം കിട്ടാന്‍ ഏതെങ്കിലും പുണ്യ നദിയിലോ , കടല്‍ക്കരയിലോ ബലിതര്‍പ്പണമെന്ന ആചാരം ഇതാദ്യമായി വീടുകളില്‍ യാതൊരു ആചാര പ്രശ്‌നങ്ങളുമില്ലാതെ നടന്നു. ബലിയിട്ട് അതിന്റെ ചോറും മറ്റു പൂജാദി സാധനങ്ങളും ഒഴുക്കുള്ള വെള്ളത്തില്‍ കളയണം എന്ന നൂറ്റാണ്ടുകളായുള്ള ആചാരവും ഈ വര്‍ഷം ലംഘിക്കപ്പെട്ടു. നമ്മുടെ പ്രവര്‍ത്തിയാണ് പുണ്യമെന്നും, മനസ്സിന്റെ തൃപ്തിയാണ് ഏതൊരു കര്‍മ്മത്തിന്റെയും അന്ത്യഫലമെന്നും പറഞ്ഞു കൊണ്ട് ആചാര്യന്മാര്‍ വൈറസ് പേടിയില്‍ ആചാരം ലംഘിക്കാന്‍ എല്ലാവരേയും പ്രേരിപ്പിച്ചു.
എല്ലാ മതങ്ങളും അതിന്റെ അടിസ്ഥാനപരമായി ആചരിച്ചു പോരുന്ന പല ചടങ്ങുകളും ആരും കണ്ടിട്ടില്ലാത്ത ഇത്തിരി കുഞ്ഞന്‍ വൈറസിന് മേല്‍ അടിയറവ് വെച്ച് കഴിഞ്ഞിരിക്കുന്നു. ഏതു നിമിഷവും ആ വൈറസ് ആരിലേക്കും എത്താമെന്ന ഭീതിയില്‍ എല്ലാ മതനേതാക്കളും, ആചാര സംരക്ഷകരും നിലപാടുകളിലും അഭിപ്രായങ്ങളിലും പിടിവാശികള്‍ ഉപേക്ഷിക്കുന്ന കാഴ്ച കണ്ടു തുടങ്ങുന്നത് ശുഭോര്‍ദായകമാണ്.
ഈ ഒരു കോവിഡ് മഹാമാരി കൊണ്ട് ആരുടെയെങ്കിലും ഈശ്വര വിശ്വാസത്തിനു എന്തെങ്കിലും കുറവോ ഏറ്റക്കുറച്ചിലോ ഉണ്ടായി എന്ന് പറയാന്‍ വയ്യ. എങ്കിലും ആചാരങ്ങള്‍ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ചിലരുടെയെങ്കിലും പിടിവാശികളോ സമ്മര്‍ദ്ദങ്ങളോ ഈ കെട്ടകാലത്തു വിലപ്പോയില്ല എന്നുള്ളത് നിസ്തര്‍ക്കമാണ്.
എന്ന് തീരുമെന്ന് അറിയാതെ ലോകം മുഴുവന്‍ ശാസ്ത്രജ്ഞമാരുടെയും അവരുടെ ഗവേഷണങ്ങളെയും വാഴ്ത്തി, വാക്‌സിനുകളുടെ വരവിനായി കാത്തിരിക്കുന്നു .മാനവരാശിയുടെ മോചനം ഇനി വാക്‌സിനിലൂടെയെന്നെ പറയാതെ പലരും മനസ്സു കൊണ്ട് സമ്മതിച്ചിരിക്കുന്നു
മതമല്ല മനുഷ്യരാണ് വലുതെന്ന് പ്രമാണം എല്ലാവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍…
ഇതില്‍ നിന്നും സാമാന്യ ജനത്തിന് മനസ്സിലാവുന്ന ഒരു കാര്യം എന്തെന്നാല്‍ ആചാരങ്ങള്‍ ഉണ്ടാക്കിയത് മനുഷ്യരാണ്, അത് മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കിയത് തന്നെ. അത് മാറ്റത്തിനു വിധേയമാണ്, അത് കാലാകാലങ്ങളായി മാറ്റിയിട്ടുമുണ്ട്. അത് കാലോചിതമായി പരിഷ്‌കരിക്കുകയോ തള്ളിക്കളയുകയോ ചെയ്താല്‍ കടലെടുത്തു പോകാവുന്ന ഒന്നും നാട്ടിലില്ല. അങ്ങിനെ സംഭവിക്കുകയും ഇല്ല. അത് പഠിപ്പിക്കാന്‍ ഒരു വൈറസ് വേണ്ടി വന്നു എന്ന് മാത്രം…