മുംബൈ: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്.
ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എന്‍.സി.ബി അറിയിച്ചു. ലഹരി കടത്ത് കേസില്‍ കഴിഞ്ഞ ദിവസം റിയയുടെ സഹോദരന്‍ ഷ്വയ്ക് ചക്രബര്‍ത്തിയേയും അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് ഷ്വയ്കിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമൂവല്‍ മീരാന്‍ഡയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. റിയ, സഹോദരന്‍ ഷ്വവിക്, സുശാന്ത് സിങ്ങിന്റെ മാനേജര്‍ സാമുവേല്‍ മിറിന്‍ഡ, സ്റ്റാഫ് ദീപേഷ് സാവന്ത് എന്നിവരെയാണ് നാളെ കോടതിയില്‍ ഹാജരാക്കുക. പ്രതികളെ റിമാന്‍ഡില്‍ വിട്ടുകിട്ടാന്‍ എന്‍.സി.ബി കോടതിയോട് ആവശ്യപ്പെടും.
സുശാന്തിന്റെ മരണത്തില്‍ ലഹരിമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിയയെ അറസ്റ്റ് ചെയ്തതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.











