ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍. ബാര്‍ക് മുന്‍ ചീഫ് എക്‌സിക്യുട്ടീവ് പാര്‍ഥോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും നടത്തിയതായി പുറത്തുവന്ന വാട്‌സ്ആപ് സന്ദേശങ്ങള്‍ ഞെട്ടലുണ്ടാക്കുന്നാതായും ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാട്ടുന്നതിന് ഇരു കൂട്ടരും ഗൂഢാലോചന നടത്തിയെന്ന് ഇതിലൂടെ തെളിഞ്ഞെന്നും എന്‍ബിഎ പ്രസ്താവനയില്‍ പറഞ്ഞു.
റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ കോടതിയുടെ തീര്‍പ്പ് വരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍ നിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നുമാണ് എന്‍ബിഎയുടെ ആവശ്യം.
അന്തിമവിധി വരുംവരെ ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍ നിന്ന് റിപ്പബ്ലിക് ടി.വിയെ ഒഴിവാക്കണം. ബാര്‍ക്കിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരേ നിയമപരമായി
നടപടിയെടുക്കണം. ഓഡിറ്റ് നടന്നപ്പോഴത്തെ റേറ്റിങ്ങിന്റെ കാര്യത്തില്‍ ബാര്‍ക് വ്യക്തമായ പ്രസ്താവനയിറക്കണം. റിപ്പബ്ലിക് ടിവിയുടെ വിവരങ്ങള്‍ ഒഴിവാക്കി എല്ലാ വാര്‍ത്താ ചാനലുകളുടെയും തുടക്കം മുതലുള്ള റാങ്കിങ് വീണ്ടും ഇറക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.