ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിനായി തയ്യാറെടുപ്പുകള്‍ നടത്തി കര്‍ഷക സംഘടനകള്‍. പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുള്ളത്.
ട്രാക്ടറുകളുടെ സുഗമമായ ഓട്ടത്തിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെ വിന്ന്യസിക്കും. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ട്രാക്ടര്‍ റാലികള്‍ ഡല്‍ഹിയിലെ അതിര്‍ത്തി പോയിന്റുകളായ ഗാസിപൂര്‍, സിംഗു, തിക്രി എന്നിവടങ്ങളില്‍ നിന്ന് ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് അഭിമന്യു പറഞ്ഞു.
ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയുടെ പരേഡിനെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രാക്ടര്‍ റാലിയും നടക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.