കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് ഗണ്യമായി കുറയുമെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് കറാമാണ് ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ താപനില 40 ഡിഗ്രിയില്‍ താഴേക്ക് വരുമെന്ന് പ്രവചിച്ചത്. ഒക്‌ടോബറില്‍ 37 മുതല്‍ 39 ഡിഗ്രി വരെയായിരിക്കും കൂടിയ ചൂട്. മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും ഈ മാസം പ്രതീക്ഷിക്കണം.
നവംബര്‍ ആദ്യം ശക്തമായ മഴക്കും സാധ്യതയുണ്ട്. നേരത്തെ ഒക്‌ടോബറിലായിരുന്നു മഴക്കാലം ആരംഭിച്ചിരുന്നത്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി കുറച്ച് വര്‍ഷമായി ഒക്‌ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണ് മഴ പെയ്യാറുള്ളത്. ഈ വര്‍ഷം 130 മുതല്‍ 150 മില്ലിമീറ്റര്‍ വരെയായിരിക്കും മഴ ലഭിക്കുകയെന്ന് മുഹമ്മദ് കറാം പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്‌നിശമന വകുപ്പ്, നാഷനല്‍ ഗാര്‍ഡ് തുടങ്ങിയവയാണ് തയാറെടുപ്പ് നടത്തിയത്.