കെ.അരവിന്ദ്
പോയ വാരം കാളകളുടെ ആധിപത്യമാണ് ഓഹരി വിപണിയില്‍ കണ്ടത്. ആഴ്‌ചയിലെ ആദ്യദിവസം തന്നെ മുന്നേറ്റ പ്രവണത വളരെ പ്രകടമായിരുന്നു. നിഫ്‌റ്റി 11,000 പോയിന്റിന് മുകളിലേക്ക് ഉയരുകയും ആ നിലവാരം ഉറപ്പിക്കുകയും ചെയ്‌തു. നിഫ്‌റ്റി 11,240 പോയിന്റ് വരെ പോയ വാരം ഉയര്‍ന്നു.
അതേ സമയം ഈ മുന്നേറ്റത്തിനിടയിലും വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ചില ദിവസങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് താഴേക്ക് വിപണി ചാഞ്ചാടി.
റിലയന്‍സ് ഇന്റസ്‌ട്രീസ് ആയിരുന്നു പോയ വാരം വിപണിയിലെ താരം. വിപണിയെ മുകളിലേക്ക് പിടിച്ചുകയറ്റിയത് റിലയന്‍സ് ആയിരുന്നുവെന്ന് പറയാം. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു മുമ്പായി ശക്തമായി ഉയര്‍ന്ന റിലയന്‍സിന്റെ ഓഹരി വില യോഗത്തിനു ശേഷം പത്ത് ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം പൂര്‍വാധികം ശക്തിയോടെ ഓഹരി തിരികെ കയറുന്നതാണ് കണ്ടത്.
റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്. 2,149.90 രൂപയാണ് വെള്ളിയാഴ്‌ച രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഒരു മാസം കൊണ്ട് 24 ശതമാനമാണ് റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നത്.
ഐടി ഓഹരികളും മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ വാരം 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ആഗോള സൂചനകളും വിപണിക്ക് തുണയായി. കോവിഡിനുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ തകൃതിയില്‍ നടക്കുന്നത് വിപണിക്ക് കുതിപ്പിനുള്ള ഔഷധമാണ് നല്‍കിയിരിക്കുന്നത്. ഒരു ഭാഗത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും വാക്‌സിന്‍ പരീക്ഷണം വിജയകരമായി പരീക്ഷണ ഘട്ടങ്ങള്‍ പിന്നിടുന്നത് ഓഹരി വിപണിക്ക് വീര്യം പകര്‍ന്നു. ഇന്ത്യയിലെ മണ്‍സൂണ്‍ മികച്ച നിലയിലായതും വിപണിക്ക് തുണയായി.
10,800 പോയിന്റ് കഴിഞ്ഞാല്‍ 11,300 ആണ് നിഫ്‌റ്റിയുടെ അടുത്ത സമ്മര്‍ദ നിലവാരമെന്ന് കഴിഞ്ഞയാഴ്‌ചകളില്‍ സൂചിപ്പിച്ചിരുന്നു. വിപണി അടുത്തയാഴ്‌ച 11,000നും 11,300നും ഇടയില്‍ വ്യാപാരം ചെയ്യാനാണ് സാധ്യത. 11,300ലെ കടുത്ത സമ്മര്‍ദം ഭേദിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ വിപണി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് പറയാം.