കെ.അരവിന്ദ്
ചെറുപ്പക്കാര്‍ക്കിടയില്‍ റിയല്‍ എസ്റ്റേറ്റ് എന്ന നിക്ഷേപ മാര്‍ഗത്തോട് പ്രതിപത്തി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. ഭവനം വാങ്ങാന്‍ വേണ്ടി താരതമ്യേന വലിയ തുക പ്രതിമാസ ഗഡുവായി അടയ്ക്കുന്നതിന്റെ ഭാരം ചെറുപ്രായത്തില്‍ തന്നെ പേറാന്‍ മിക്കവരും തയാറല്ലെന്നാണ് ഒരു പഠനം ചൂണ്ടികാട്ടുന്നത്.
ചെറുപ്പക്കാരായ കരിയറിസ്റ്റുകള്‍ ഏതെങ്കിലും ഒരു നഗരത്തില്‍ തന്നെ കരിയര്‍ കെട്ടിയിടാന്‍ തയാറല്ല. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കാറാനുള്ള സാധ്യത മുന്നില്‍ കണ്ട് ഭവനങ്ങള്‍ വാങ്ങാന്‍ മടിക്കുന്ന ചെറുപ്പക്കാരായ കരിയറിസ്റ്റുകള്‍ വാടകയ്ക്ക് താമസിക്കുന്നതിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. ഒരു നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റിനോടുള്ള ആഭിമുഖ്യമില്ലായ്മയും ഇതിനൊരു കാരണമാണ്.
തൊണ്ണൂറുകളില്‍ വീടുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും 45നും 55നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 2000ഓടെ ഇത് 35-45 വയസായി കുറഞ്ഞു. 2009-10 കാലയളവില്‍ വീട് വാങ്ങുന്ന 25-35 പ്രായമുള്ളവരുടെ എണ്ണം വര്‍ ധിച്ചു. ഭവന വായ്പയുടെ ലഭ്യത വര്‍ധിച്ചതാണ് ഇതിന് കാരണമായത്.
അതേസമയം ഇപ്പോള്‍ ഈ പ്രവണതയില്‍ മാറ്റം വന്നിട്ടുണ്ട്. ഭവനം വാങ്ങുന്നവരില്‍ 36 ശതമാനവും 35-45 വയസ് പ്രായമുള്ളവരാണ്. 25-35 പ്രായപരിധിയില്‍ വരുന്നവര്‍ക്ക് കരിയറിന്റെ ആദ്യകാലത്ത് തന്നെ വീട് വാങ്ങുന്നതിനോട് ആഭിമുഖ്യം കുറഞ്ഞുവരികയാണ്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിന് പകരം മറ്റ് ആസ്തി മേഖലകളോടാണ് ഈ പ്രായത്തിലുള്ളവര്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്. വലിയ നിക്ഷേപങ്ങള്‍ ഒന്നിച്ച് നടത്തുന്നതിനോടും ഈ പ്രായത്തിലുള്ളവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല.
തൊണ്ണൂറുകളുടെ അവസാനം വരെ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നവരുടെ പ്രായം 45നും 55നും ഇടയിലായിരുന്നു. വര്‍ഷങ്ങള്‍ തൊഴില്‍ ചെയ്ത് നേടിയ സമ്പാദ്യം ഉപയോഗിച്ച് വീട് വെക്കാനാണ് അക്കാലത്ത് ആളുകള്‍ കൂടുതല്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. വായ്പയെടുത്ത് വീട് നിര്‍മിക്കുന്ന രീതിക്ക് അന്ന് അത്ര പ്രചാരമുണ്ടായിരുന്നില്ല. ജോലിയില്‍ നിന്ന് വിരമിക്കുന്നതിനോട് അടുപ്പിച്ച് മാത്രമാണ് മിക്കവരും വീട് വാങ്ങിയിരുന്നത്. വലിയ തുക ബാങ്കുകള്‍ വായ്പയായി നല്‍കാന്‍ അക്കാലത്ത് മടിച്ചിരുന്നു എന്നതും ഇതിന് കാരണമാണ്. എന്നാല്‍ ഈ പ്രവണത പില്‍ക്കാലത്ത് പൂര്‍ണമായും മാറി.
രണ്ടായിരങ്ങളോടെ ഭവന വായ്പയുടെ ലഭ്യത വര്‍ധിച്ചു. ഉയര്‍ന്ന ശമ്പളമുള്ള ചെറുപ്പക്കാര്‍ക്ക് വായ്പ ലഭിക്കുക എളുപ്പമായി. ഇത് 35-45 പ്രായപരിധിയിലുള്ളവര്‍ ഭവനങ്ങള്‍ നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യുന്നത് വര്‍ധിക്കുന്നതിന് കാരണമായി. ഭവന വായ്പ നികുതി ലാഭിക്കാന്‍ സഹായകമാകുമെന്നതും ഈ പ്രവണത ശക്തിപ്പെടാന്‍ കാരണമായി. മൂലധനം, പലിശ ഇനങ്ങളില്‍ മൂന്നര ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ തിരിച്ചടവിന്മേല്‍ നികുതി ഇളവ് കിട്ടുമെന്നത് ഭവന വായ്പ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
2015-16 വരെ 25-35 പ്രായപരിധിയില്‍ പെട്ടവര്‍ ഭവന വായ്പ എടുക്കുന്നത് വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രവണത മാറി. ഇത് ചെറുപ്പക്കാരുടെ മനോഭാവത്തില്‍ വന്ന മാറ്റത്തിന് ഒരു പ്രധാന കാരണമാണ്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനോടുള്ള ചെറുപ്പക്കാരുടെ താല്‍പ്പര്യം കുറഞ്ഞു. നേരത്തെ മ്യൂച്വല്‍ ഫണ്ടിനെ ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപ മാര്‍ഗമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) പോലുള്ള രീതികള്‍ വഴി കരിയറിന്റെ തുടക്കത്തില്‍ തന്നെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു തുടങ്ങുന്ന പ്രവണത പതുക്കെ ചെറുപ്പക്കാര്‍ക്കിടയില്‍ വേരുറച്ചു തുടങ്ങിയിട്ടുണ്ട്.