ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതികരണവുമായി ട്വിറ്റര്‍. ഇതു സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയത്തെയും ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.
ഐ.ടി ആക്ടിലെ 69 എ വകുപ്പ് പ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നു. മോദി കര്‍ഷകരുടെ വംശഹത്യക്ക് തയ്യാറാകുന്നു എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഈ അക്കൗണ്ടുകളില്‍ ചിലത് ആദ്യഘട്ടത്തില്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ട്വീറ്റുകള്‍ പലതും വാര്‍ത്താ മൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അവ പുനഃസ്ഥാപിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചിരുന്നു.
അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിന് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് ഒരു നയമുണ്ട്. ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ ആ ട്വീറ്റുകള്‍ നീക്കുന്നതായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രാദേശിക നിയമങ്ങള്‍ പ്രകാരമുള്ള നിയമലംഘനങ്ങള്‍ നടക്കുകയാണെങ്കില്‍ ആ ട്വീറ്റ് വിത്ഹോള്‍ഡ് ചെയ്യുകയാണ് ട്വിറ്റര്‍ ചെയ്യുന്നത്.











