ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ അധോലോക നായകന്‍ രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയില്‍. ചൊവ്വാഴ്ച്ച രാവിലെയാണ് രവി പൂജാരിയെ ബെംഗളുരുവില്‍ നിന്നും മുംബൈയില്‍ എത്തിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ പൊലീസിന് പൂജാരിയെ കസ്റ്റഡിയില്‍ നല്‍കാന്‍ ബെംഗളുരു കോടതി ഉത്തരവിട്ടത്.
2016 ഗസാലി ഹോട്ടല്‍ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ മാര്‍ച്ച് 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സെനഗലില്‍ നിന്നും രവി പൂജാരിയെ ബെംഗളുരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിക്കെതിരെ കൊലപാതകങ്ങള്‍ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.
1994 ല്‍ മുംബൈയില്‍ നിന്നും നേപ്പാളിലേക്ക് കടന്ന രവി പൂജാരി പിന്നീട് ബാങ്കോക്, ഉഗാണ്ട, ബര്‍കിന ഫാസോ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് ഒടുവില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
അധോലോക നായകന്‍ ഛോട്ടാ രാജന്റെ ഏറ്റവും അടുത്തയാളായ രവി പൂജാരിക്കെതിരെ ഒരു ഡസനിലധികം കൊലപാതക കേസുകളുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കും മുംബൈയിലെ പ്രമുഖ വ്യവസായികള്‍ക്കും പണം ആവശ്യപ്പെട്ട് ഭീഷണി കോളുകളും രവി പൂജാരിയില്‍ നിന്ന് ലഭിച്ചിരുന്നു.
പാസ്‌പോര്‍ട്ടില്‍ ആന്റണി ഫെര്‍ണാണ്ടസ് എന്നും പിന്നീട് ടോണി ഫെര്‍ണാണ്ടസ്, റോക്കി ഫെര്‍ണാണ്ടസ് എന്നുമൊക്കെ പേര് മാറ്റിയായിരുന്നു യാത്രകള്‍. പിടികൂടുമ്‌ബോള്‍ പിടിച്ചെടുത്ത പാസ്‌പോര്‍ട്ടില്‍ റോക്കി ഫെര്‍ണാണ്ടസ് എന്നായിരുന്നു പേര്. അമിതാഭ് ബച്ചന്‍ നായകനായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ടോണി ഫെര്‍ണാണ്ടസ് എന്ന പേര് സ്വീകരിച്ചതെന്നും വാര്‍ത്തയുണ്ട്.
സെനഗലില്‍ നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഒമ്ബതോളം റസ്റ്റോറന്റുകള്‍ രവി പൂജാരിക്കുണ്ടായിരുന്നു. സെനഗലില്‍ സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകനും, ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്നു ആന്റണി ഫെര്‍ണാണ്ടസ് എന്ന രവി പൂജാരി. ജലദൗര്‍ലഭ്യം നേരിടുന്ന ആഫ്രിക്കയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി കുടിവെള്ളം എത്തിച്ചിരുന്നു. ഇയാളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ പത്രങ്ങളിലും വാര്‍ത്തയായിരുന്നു. 2019 ജനുവരി 21 -നാണ് സെനഗല്‍ പൊലീസ് പൂജാരിയെ പിടികൂടുന്നത്.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാല്‍പെയിലാണ് രവി പൂജാരിയുടെ ജനനം. പഠനം പാതി വഴിയില്‍ നിന്നതോടെ മുംബൈയിലേക്ക് വണ്ടി കയറി. എണ്‍പതുകളുടെ അവസാനത്തില്‍ ബാലാ സാട്ടെ എന്ന ഗുണ്ടയെ കൊലപ്പെടുത്തിയതോടെയാണ് ബോംബെ അധോലോകത്തില്‍ രവി പൂജാരിയുടെ പേര് കേട്ടു തുടങ്ങിയത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും രവി പൂജാരിയുടെ പേര് ഉയര്‍ന്നിരുന്നു. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ രവി പൂജാരി ആരോപണവിധേയനാണ്. പണം ആവശ്യപ്പെട്ട് നാലുവട്ടം രവി പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.