തിരുവനന്തപുരം: ക്വാറന്റീന്‍ ലംഘിച്ചതിന് പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതെന്ന് യുവതി. മൂന്നാം തിയതിയാണ് കോവിഡ് സര്‍ട്ടിഫിക്കറ്റിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ പോയത്. വീട്ടില്‍ പ്രവേശിച്ച തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ വരെ പീഡനം തുടര്‍ന്നു. അവശയായ താന്‍ സഹോദരന്റെ വീട്ടില്‍ എത്തിയ ശേഷമാണ് പരാതി നല്‍കിയതെന്നും സ്ത്രീ മൊഴി നല്‍കി.
ലൈംഗിക പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. സ്ത്രീയെ ആരോഗ്യപ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് എഫ്‌ഐആറിലുണ്ട്. ഇരുകൈകളും പിറകില്‍ കെട്ടി വായില്‍ തോര്‍ത്ത് തിരുകി. സ്ത്രീയുടെ കാല്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം, കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കിയത്.











