തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കേരളത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് വിളിച്ചുവരുത്താതിരിക്കാന്‍ നിയമത്തിന്റെ പഴുത് ദുരുപയോഗം ചെയ്തുവെന്നും സ്പീക്കര്‍ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരള നിയമസഭാ ചരിത്രത്തില്‍ ഒരു സ്പീക്കറും നേരിടാത്ത ആരോപണങ്ങളാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നേരിടുന്നത്. ധൈര്യമുണ്ടെങ്കില്‍ അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. അപക്വമായ നിലപാട് സ്വീകരിച്ചത് ആരെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ചെന്നിത്ത പറഞ്ഞു.
സ്പീക്കര്‍ സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. അഴിമതിയും ധൂര്‍ത്തും നടത്തിയ ആളാണ് സ്പീക്കര്‍. ആ അഴിമതി പുറത്തുവരും. അതിന് വേണ്ടിത്തന്നെയാണ് വീണ്ടും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി എം.ഉമ്മര്‍ എംഎല്‍എ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.