തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്തില്‍ പങ്കുള്ള ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറില്‍ കൊടുത്തത്. കോടതി ഞെട്ടിയെങ്കില്‍ ജനം ബോധം കെട്ടുവീഴുമെന്നും ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിന്റെ കാരണവും ഇതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സരിത്തിന്റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് ആ നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.
പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഈ നേതാവിന് വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്. അത് ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ആരോപണ വിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി നേതാവിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും.











