തിരുവനന്തപുരം: ബിജെപിയും സംഘപരിവാറും അഴിമതി ആരോപണം ഉന്നയിച്ച ചെമ്പുച്ചിറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കിഫ്ബി അഴിമതിയുടെ മോഡലാണ് ചെമ്പുച്ചിറ സ്‌കൂളെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സഹായത്തോടെ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് സംഘപരിവാറിന്റെ ആരോപണം. പണി പൂര്‍ത്തിയാക്കുകയോ നിര്‍മ്മാണ കമ്പനിക്കാര്‍ക്ക് പണം കൊടുത്ത് തീര്‍ക്കുകയോ ചെയ്യാത്ത പ്രവര്‍ത്തിയെ ചൊല്ലിയായിരുന്നു ഇവര്‍ അഴിമതി ആരോപണം ഉയര്‍ത്തിയത്. ചെമ്പുച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ 36 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മാണം തുടങ്ങിപ്പോള്‍ അതിനെതിരെ കോടതിയില്‍ പോയി നിര്‍മാണം മുടക്കാന്‍ ശ്രമം നടത്തിയവരാണ് ബിജെപിക്കാര്‍. അത്തരക്കാരാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയോ ചെയ്യാത്ത കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്.
രമേശ് ചെന്നിത്തലയോടൊപ്പം ഡിസിസി പ്രസിഡന്റ് എംപി വിന്‍സന്റ്, വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ ടി.ജെ സനീഷ് കുമാര്‍, ഷാജു കോടങ്കടത്ത് എന്നിവരും കൂടെ ഉണ്ടായിരുന്നു.