തിരുവനന്തപുരം: ഐ ഫോണ്‍ ആരോപണം സന്തോഷ് ഈപ്പനെക്കൊണ്ട് പറയിപ്പിച്ചത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷിന്റെ ശ്രമം. ഇതിനായാണ് സിപിഐഎമ്മിനെ പ്രീതിപ്പെടുത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് ചെന്നിത്തല നോട്ടീസ് അയച്ചു.
യൂനിടാക്കിന്റൈ പേരില്‍ കൊച്ചിയിലെ കടയില്‍നിന്ന് ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിലൊന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലക്ക് കൈമാറിയെന്നാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ സന്തോഷ് ഈപ്പന്‍ പറയുന്നത്.
എന്നാല്‍, ആരോപണം ചെന്നിത്തല തള്ളിയിരുന്നു. സന്തോഷ് ഈപ്പന്‍ പറയുന്ന ഫോണിന്റൈ ഐ.എം.ഇ.ഐ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കുന്നയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചത്. ഐ.എം.ഇ.ഐ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്നവരുടെ വിവരങ്ങളും പ്രതിപക്ഷനേതാവ് ശേഖരിച്ചതായാണ് സൂചന.