തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകും. സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മറുപടി പറയാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ട. എഐസിസി നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും ചെന്നിത്തല ഭാരവാഹി യോഗത്തില്‍ പറഞ്ഞു. കിറ്റിനൊപ്പം ഇടതുപക്ഷം വ്യാജ പ്രചാരണവും നടത്തി. ഇതിനെ താഴെതട്ടില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റി. ജനദ്രോഹ നടപടികള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാചെ പ്രവര്‍ത്തിച്ചു. പലതവണ സര്‍ക്കാരിനെ തിരുത്താനായി. കിഫ്ബിയുടെ മറവിലെ കൊള്ളയടി പുറത്ത് കൊണ്ടുവരാനായി. കെവി തോമസുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. അദ്ദേഹം എങ്ങോട്ടും പോകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
അതേസമയം, ഐശ്വര്യ കേരളയാത്ര ഈ മാസം 31ന് മഞ്ചേശ്വരത്ത് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമാകും ഐശ്വര്യ കേരളയാത്ര.











