English हिंदी

Blog

thomas issac and chennithala

 

തിരുവനന്തപുരം: സ്‌കൂളുകള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പും പ്രൊജക്ടറും ഇ- വേസ്റ്റാണെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം അസംബന്ധമാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ ശകുനി വേഷം കെട്ടാനുള്ള ഈ പുറപ്പാട് മറ്റേതൊരു കുതന്ത്രത്തെയും പോലെ അദ്ദേഹത്തെ തിരിഞ്ഞു കടിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

തോമസ് ഐസക്കിന്റെ പോസ്റ്റ്:

അസംബന്ധ ഭാഷണങ്ങളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മൂല്യം രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തിയിട്ട് കാലം കുറെയായി. ഏറ്റവുമൊടുവില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ അപകീര്‍ത്തിപ്പെടുത്താനാണ് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ ശകുനി വേഷം കെട്ടാനുള്ള ഈ പുറപ്പാട് മറ്റേതൊരു കുതന്ത്രത്തെയും പോലെ അദ്ദേഹത്തെ തിരിഞ്ഞു കടിക്കുമെന്ന് ഉറപ്പാണ്.

കൂട്ടത്തില്‍ പറയട്ടെ, പ്രതിപക്ഷ നേതാവ് ആധാരമാക്കുന്ന പത്രവാര്‍ത്തയും ബഹു കേമമാണ്. വാര്‍ത്തയിലെ പ്രസക്തമായ വാചകം ഉദ്ധരിക്കട്ടെ. ‘സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിക്കാന്‍ തിരുവനന്തപുരത്തെത്തിയ വരിക്കോടന്‍ അബ്ദുല്‍ ഹമീദിനെ കൂട്ടിക്കൊണ്ടുപോയത് സന്ദീപ് നായരുടെ അടുത്തേയ്ക്കാണ്’.

ഏതു ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍? ഏതു സ്ഥാപനത്തിനു വേണ്ടിയാണ് കരാര്‍? എന്നാണിയാള്‍ തിരുവനന്തപുരത്തെത്തിയത്? എവിടുത്തുകാരനാണിയാള്‍, ഏതു കമ്പനിയുടെ പ്രതിനിധിയായാണ് അദ്ദേഹം കരാറില്‍ പങ്കെടുക്കാനെത്തിയത് തുടങ്ങി പ്രസക്തമായ ഒരു വിവരവും വാര്‍ത്തയിലില്ല. പക്ഷേ, ഒന്നാം പേജില്‍ തന്നെ പ്രതിഷ്ഠിക്കാന്‍ അതൊന്നും പത്രത്തിന് ഒരു കുറവായി തോന്നിയില്ല. കിട്ടിയപാടെ പ്രതിപക്ഷ നേതാവ് വെള്ളം ചേര്‍ക്കാതെ വാര്‍ത്ത വിഴുങ്ങുകയും പത്രസമ്മേളനം നടത്തി അഴിമതിയാരോപണം ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതൊക്കെ മോശമല്ലേ സാര്‍.

Also read:  പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഇങ്ങനെയൊക്കെ വാര്‍ത്ത വരുമ്പോള്‍ പ്രാഥമികാന്വേഷണം നടത്തുന്ന പതിവൊന്നും നമ്മുടെ പ്രതിപക്ഷ നേതാവിന് പണ്ടേയില്ല. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാകാന്‍ രണ്ടു ഘട്ടങ്ങളിലായി ഒരു ലക്ഷത്തി പതിനായിരത്തോളം ലാപ്‌ടോപ്പുകളും അറുപത്തയ്യായിരത്തോളം പ്രൊജക്ടറുകളുമാണ് വാങ്ങിയത്. നിയമാനുസൃതമായി ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ ഉറപ്പിച്ചത്. ഗുണനിലവാരവും 5 വര്‍ഷ വാറണ്ടിയും പരാതി പരിഹാര സംവിധാനവുമുള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളുടേയും പൂര്‍ണ്ണ മേല്‍നോട്ടത്തിനു സര്‍ക്കാര്‍ നിയമിച്ച സാങ്കേതിക സമിതിയും നിലവിലുണ്ട്.

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ പ്രമുഖരായ നാല് ലാപ്‌ടോപ്പ് നിര്‍മ്മാണ കമ്പനികളും എത്തിയിരുന്നു. ‘Original Equipment Manufacture (OEM) or One of their authorised representative’ എന്നതായിരുന്നു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വേണ്ട വ്യവസ്ഥ. ലാപ്‌ടോപ് ടെണ്ടറില്‍ പങ്കെടുത്തത് Acer, Dell, HP, Lenovo എന്നീ കമ്പനികളാണ്. ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കേണ്ട ചുമതലയും വെന്റര്‍മാര്‍ക്കാണ്. ഇതില്‍ ഏതു കമ്പനിയുടെ പ്രതിനിധിയാണ് സര്‍, മേല്‍പ്പറഞ്ഞ വരിക്കോടന്‍ അബ്ദുല്‍ ഹമീദ്? ഏത് അസംബന്ധവും വിഴുങ്ങുന്ന മനോഭാവത്തിലേയ്ക്ക് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ അധഃപതിക്കാമോ, അധികാരത്തോട് എത്ര ആര്‍ത്തിയുണ്ടെങ്കിലും?

Also read:  വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ ; ഇത്തവണ ഉറപ്പായും നല്‍കുമെന്ന് സര്‍ക്കാര്‍

45 ലക്ഷം കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയപ്രവര്‍ത്തകരുമായി വലിയൊരു ജനസഞ്ചയം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷമായി ഉണ്ട്. അവരുടെ മുന്നിലാണ് പ്രതിപക്ഷ നേതാവ് കടുകുമണിയോളം ചെറുതായിപ്പോയത്.

അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ ഒരു നിലവാരം നോക്കൂ. ഇതുസംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പിലെ ഒരു വാചകം ഇങ്ങനെയാണ്. ”സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൈടെക് സ്‌കൂള്‍ പദ്ധതി ഉപയോഗിച്ചാണ് മുഖ്യപ്രതി കെ.ടി റമീസ് നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തിനുള്ള നിക്ഷേപം സമാഹരിച്ചത് എന്നും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു’. ഇങ്ങനെയൊന്നും ഒരു വാര്‍ത്തയും ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രതിപക്ഷ നേതാവ് ആധാരമാക്കുന്ന പത്രവാര്‍ത്തയിലും ഇത്തരമൊരു വെളിപ്പെടുത്തലൊന്നുമില്ല. ആ പരാമര്‍ശം വസ്തുതാവിരുദ്ധമാണ്. പത്രവാര്‍ത്തയില്‍ മനോധര്‍മ്മം പ്രയോഗിച്ച് വിവാദമുണ്ടാക്കാന്‍ കഴിയുമോ എന്നു പരീക്ഷിച്ചു നോക്കുകയാണ് പ്രതിപക്ഷ നേതാവ്. ഇതൊക്കെക്കൊണ്ട് അദ്ദേഹം എന്താണ് നേടുന്നത്?

ഇതുമാത്രമല്ല, ലൈഫ് പദ്ധതി പോലെ തന്നെ ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതിയും സ്വര്‍ണക്കടത്തിനുള്ള മറയായി ഉപയോഗിക്കുകയായിരുന്നു എന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ ആരുടെയൊക്കെ ബിനാമികളാണെന്ന് കണ്ടെത്തണമെന്നുമൊക്കെ അദ്ദേഹം ആരോപിക്കുന്നുണ്ട്. ആരോപണമുന്നയിക്കുകയല്ലാതെ തെളിവു ഹാജരാക്കി സാധൂകരിക്കാനുള്ള ചുമതലയൊന്നും അദ്ദേഹം ഇതേവരെ ഏറ്റെടുത്തിട്ടില്ലല്ലോ. കമ്പ്യൂട്ടര്‍ വിതരണം ചെയ്യുന്നതിനോ മെയിന്റനന്‍സ് നടത്തുന്നതിനോ പ്രത്യേകിച്ച് ഒരു കരാറുകാരനും ഇല്ല. അവയെല്ലാം ടെണ്ടറില്‍ പങ്കെടുത്ത നിര്‍മ്മാതാവിന്റെ ചുമതലയാണ്.

Also read:  സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക്: 211 രോഗ ബാധിതര്‍

എന്നാല്‍ കേരളത്തിലെ സ്‌കൂളുകളില്‍ സ്ഥാപിച്ച ലാപ്‌ടോപ്പും പ്രോജക്ടറുകളുമൊക്കെ ഇ-വേസ്റ്റാണ് എന്ന് ആക്ഷേപിക്കാനുള്ള തൊലിക്കട്ടിയെ നമിക്കാതെ വയ്യ. ഇത്തരമൊരു ആരോപണമുന്നയിക്കുന്നതിലൂടെ കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകരെ ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ലക്ഷക്കണക്കിന് ലാപ്‌ടോപ്പുകളില്‍ ഒരെണ്ണം പോലും ഇ വേസ്റ്റാണെന്ന പരാതി സ്‌കൂള്‍ അധികാരികളോ പിടിഎയോ ഉന്നയിച്ചിട്ടില്ല. അതിനു കാരണം, CDAC ഡയറക്ടര്‍ പ്രൊഫ. ജി. ജയശങ്കര്‍ ചെയര്‍മാനായും NIC സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍, ഐടി വകുപ്പിലെ SeMT തലവന്‍, ധനവകുപ്പില്‍ നിന്നുള്ള ഫിനാന്‍സ്യ ഓഫീസര്‍, കൈറ്റ് സി.ഇ.ഒ എന്നിവര്‍ അംഗങ്ങളുമായ സാങ്കേതിക സമിതിയുടേതാണ് സാങ്കേതിക സ്‌പെസിഫിക്കേഷനും മേല്‍നോട്ടവും.

ഇ-വേസ്റ്റ് എന്താണ് എന്ന് ആരോടെങ്കിലും ചോദിച്ച് മനസിലാക്കിയിട്ടു വേണമായിരുന്നു, ആക്ഷേപമുന്നയിക്കാന്‍. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായ ലാപ്‌ടോപ്പിനെയും പ്രൊജക്ടറിനെയുമൊക്കെ ആരെങ്കിലും ഇ വേസ്റ്റ് എന്നു വിളിക്കുമോ? പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അങ്ങനെ സംശയിക്കുന്നതിലും അര്‍ത്ഥമില്ല.

അസംബന്ധം പറയാന്‍ തീരുമാനിച്ചിറങ്ങിയവരോട് കാര്യങ്ങള്‍ അന്വേഷിച്ചു മനസിലാക്കണം എന്നാവശ്യപ്പെടുന്നതു മറ്റൊരു അസംബന്ധമല്ലേ!
https://www.facebook.com/thomasisaaq/posts/4107609072588536