റമദാന്‍ ആരംഭിക്കാന്‍ ഇനി നാല് ആഴ്ചകള്‍ മാത്രം. വെള്ളിയാഴ്ച പ്രവര്‍ത്തി ദിനമായ ശേഷം വരുന്ന ആദ്യ നോമ്പു കാലം
അബുദാബി : വിശുദ്ധ റമദാന്‍ മാസത്തിന് ആഴ്ചകള്‍ അവശേഷിക്കേ നോമ്പുതുറയ്ക്കുള്ള ഇഫ്താര്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് യുഎഇ.
നോമ്പുകാലത്ത് ഓഫീസുകളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം ഉണ്ട്. ചാന്ദ്ര ദര്‍ശനം അനുസരിച്ചാണ് മാസപ്പിറവി നിശ്ചയിക്കുന്നതെന്നാലും ഇക്കുറി റമദാന്‍ ഏപ്രില്‍ രണ്ടാം തീയതി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതിവാര അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ നോമ്പുകാലമാണ് ഇനി വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
വെള്ളിയാഴ്ച പ്രവര്‍ത്തി ദിിനമാണെങ്കിലും നോമ്പുകാലത്തെ ജുമാ നിസ്‌കാരം പഴയതു പോലെ തന്നെ നടക്കും. വെള്ളിയാഴ്ച പന്ത്രണ്ടു മണിവരെയാണ് ഇപ്പോള്‍ പ്രവര്‍ത്തി ദിനം. പ്രാര്‍ത്ഥന ഒരു മണിക്കു ശേഷമാണ് നടക്കുക.
സര്‍ക്കാര്‍ ഓഫീസുകളുടെ റമദാന്‍ കാലത്തെ പ്രവര്‍ത്തി സമയം രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാകും. വെള്ളിയാഴ്ച ഇത് ഒമ്പതു മുതല്‍ 12 വരെയാകും.
സ്വകാര്യമേഖലയിലും സമാനമായ സമയമാകും ഉണ്ടാകുക. എന്നാല്‍, ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല.
സ്‌കൂളുകള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ രണ്ട് മണി വരെയാകും പ്രവര്‍ത്തി സമയം.
നോമ്പുകാലത്ത് വിദൂര പ്രവര്‍ത്തിയും അനുവദിക്കും. ഇങ്ങിനെ അനുമതി ലഭിക്കുന്നവര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലിചെയ്യാനുള്ള അവസരം ലഭിക്കും. ആകെയുള്ള ജീവനക്കാരുടെ നാല്‍പതു ശതമാനത്തിനാകും ഈ അവസരം ലഭിക്കുക. ഇത് ആഴ്ചകള്‍ പ്രകാരം മാറി മാറി ജീവനക്കാര്‍ക്ക് ഉപയോഗിക്കാനും കഴിയും.
നോമ്പുകാലം 29, 20 ദിവസങ്ങള്‍ വരെ നീളാം. മാസപ്പിറവി ദൃശ്യമാകുന്നതു പ്രകാരമാകും നോമ്പുകാലത്തിന്റെ ദൈര്‍ഘ്യം. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്താല്‍ അഞ്ചു ദിവസത്തെ പൊതു അവധിായാകും ഇക്കുറി ലഭിക്കുക.
ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമാണ് ഈദ് അല്‍ ഫിതര്‍ ആയി ആചരിക്കുന്നത്. ഇക്കുറി മെയ് 2 നാകും ഈദ് അല്‍ ഫിതര്‍. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാകും ഈദ് അവധികള്‍. എന്നാല്‍, റമദാന്‍ 29 ദിവസങ്ങള്‍ മാത്രമാണുള്ളതെങ്കില്‍ നാല് ദിവസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളു. മുപ്പത് ദിവസം റമദാന്‍ നീണ്ടു നിന്നാല്‍ അഞ്ചു ദിവസത്തെ അവധി ലഭിക്കും.