കാസര്‍ഗോഡ്: ജോസ് കെ മാണി പോയത് തിരിച്ചടിയായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ.എം മാണിയുടെ പൈതൃകം അവകാശപ്പെടാവുന്നത് ജോസ് കെ മാണിക്ക്. മാണി കോണ്‍ഗ്രസിന്റെ ശക്തി തിരിച്ചറിഞ്ഞത് പിണറായിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുരളീധരനും കെ. സുധാകരനും പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്.
യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു. വെല്‍ഫെയര്‍ ബന്ധം തിരിച്ചടിച്ചെന്ന് പേരെടുത്ത് പറയാതെ ഉണ്ണിത്താന്‍ പറഞ്ഞു.പരാജയത്തിന്റെ കാരണം ആഴത്തിലുള്ളതാണ്. പുറംചികിത്സകൊണ്ട് അത് ഭേദമാകില്ല. കെ.പി.സി.സി പ്രസിഡന്റ് ഒന്നുപറയുന്നു, യു.ഡി.എഫ് കണ്‍വീനര്‍ മറ്റൊന്ന് പറയുന്നു. കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്.
കോണ്‍ഗ്രസിന്റെ 14 ജില്ലയിലേയും നേതൃത്വത്തെ മാറ്റണം. പണ്ട് നാല് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുള്ളിടത്ത് ഇപ്പോള്‍ നൂറിലേറെ ആളുണ്ട്. അവരൊക്കെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന് പാര്‍ട്ടി വിലയിരുത്തണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. ഈ ഗ്രൂപ്പ് രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ അടുത്തതവണ ഭരണം കിട്ടുമോ എന്നതല്ല, അടുത്തതവണ ഭരണം കിട്ടിയേക്കാം. പക്ഷേ അതിനടുത്ത തവണ ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തെങ്കിലും ഇരിക്കണ്ടേ
ബി.ജെ.പിയുടെ വളര്‍ച്ച നിസ്സാരമായി കാണരുത്. സംഘടനാപരമായി ശക്തമായ രണ്ട് മുന്നണികളാണ് എന്‍.ഡി.എയും എല്‍.ഡി.എഫും. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ലബ്യത്തിന്റെ ആഴം ഇതുവരെ നേതാക്കള്‍ക്ക് മനസിലായിട്ടില്ല.
രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിന്റെ മുഖത്ത് നോക്കി അഭിപ്രായം പറയാന്‍ കഴിയുന്നവരെ കൊണ്ടുവരണം. നിഷ്പക്ഷമായും നീതിപൂര്‍വമായും ചര്‍ച്ച നടക്കണം. അല്ലാതെ അവിടെ വന്നിരുന്ന് നേതാക്കന്മാരുടെ മനസില്‍ ആഗ്രഹിക്കുന്നത് അവര്‍ പറയുന്നതിന് മുന്‍പ് വിളിച്ചുപറയുന്ന ആളുകളെ ഇത്തരം സമിതികളില്‍ ഇരുത്തിയിട്ട് കാര്യമൊന്നും ഇല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കെ.എം. മാണിക്കും ജോസിനുമൊപ്പമാണു കേരള കോണ്‍ഗ്രസ് അനുഭാവികളെന്നു മനസിലാക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.











