വിജയക്കുതിപ്പ് തുടർന്ന് പ്ലേ ഓഫിലെത്താൻ ലക്ഷ്യമിട്ടിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബിന് തിരിച്ചടി. രാജസ്ഥാൻ റോയൽസ് ഏഴ് വിക്കറ്റിന് പഞ്ചാബിനെ കീഴടക്കി. ജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്ന രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.
സ്കോർ:
പഞ്ചാബ് 185/4 (20)
രാജസ്ഥാൻ 186/3 (17.3)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിൻ്റെ ഓപ്പണർ മൻദീപ് തുടക്കത്തിലേ പുറത്തായി. എന്നാൽ രണ്ടാം വിക്കറ്റിൽ കെ എൽ രാഹുലിനൊപ്പം ഒത്തുചേർന്ന ക്രിസ് ഗെയ്ൽ പഞ്ചാബിനെ കൂറ്റൻ സ്കോറിലേയ്ക്ക് നയിച്ചു. ഇരുവരും ചേർന്ന് 120 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ 46(41) പുറത്തായെങ്കിലും ഗെയ്ൽ സ്റ്റോം ആഞ്ഞുവീശി. ഇതിനിടെ ട്വൻ്റി-ട്വൻ്റി ക്രിക്കറ്റിൽ 1000 സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും ഗെയ്ൽ കുറിച്ചു. ആർച്ചറെ സിക്സറിന് പറത്തി 99 ൽ എത്തിയ ഗെയ്ൽ തൊട്ടടുത്ത പന്തിൽ ബൗൾഡായി. 63 പന്തിൽ ആറ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ലിന്റെ ഇന്നിംഗ്സ്. പുരാൻ 22(10) റൺസെടുത്ത് പുറത്തായി. അവസാനഓവറുകളിൽ സ്കോറിംഗിന്റെ വേഗം കുറഞ്ഞത് പഞ്ചാബിന് തിരിച്ചടിയായി.
186 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഉത്തപ്പയെ ഒരുവശത്ത് നിർത്തി ബെൻ സ്റ്റോക്സ് ആക്രമണം ഏറ്റെടുത്തതോടെ സ്കോർ ഉയർന്നു. 26 ബോളിൽ 50 റൺസെടുത്ത് സ്റ്റോക്സ് പുറത്തായി. പിന്നീടെത്തിയ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവച്ചു. ഉത്തപ്പ 30(23) പുറത്തായെങ്കിലും സഞ്ജു ആക്രമിച്ച് കളിച്ചു. 15-ാം ഓവറിൽ സഞ്ജു 48(25) റൺ ഔട്ടായെങ്കിലും ക്യാപ്റ്റൻ സ്മിത്തും ബട്ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലേയ്ക്ക് നയിച്ചു. 15 പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ ലക്ഷ്യം മറികടന്നു. സ്മിത്തും 31(20) ബട്ലറും 22(11) പുറത്താകാതെ നിന്നു.











