ഇടുക്കി രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഉച്ചയോടെ ഒരാളുടെ കൂടി മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണപ്പെട്ടവരുടെ എണ്ണം 27 ആയെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.
മരണപ്പെട്ടവരുടെയെല്ലാം പോസ്റ്റ്മോര്‍ട്ടം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും റവന്യുമന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സംസ്കാരം പെട്ടിയുടിയില്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം.
ആറ് മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തമുഖത്ത് നിര്‍ത്താതെ ജോലിചെയ്യുന്നത്. മണ്ണിനടിയിലെ ജീവനുകള്‍ കണ്ടെത്താന്‍ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകളെ ആശ്രയിക്കാനാണ് NDRF തീരുമാനം. മൃതദേഹങ്ങള്‍ ദുരന്തഭൂമിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത രാജമല എസ്റ്റേറ്റ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.