കൊല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് രാഹുല്‍ഗാന്ധി. യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് എംപി കൊല്ലം വാടിയില്‍ പറഞ്ഞു. ഇതിനായി മത്സ്യത്തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പ്രകടന പത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ കഴിയും വിധം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും പറഞ്ഞ രാഹുല്‍, കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാര്‍ക്കോ ആണെന്നും കുറ്റപ്പെടുത്തി.












