കോഴിക്കോട്: എട്ട്മാസത്തിന് ശേഷം വയനാട് എംപി രാഹുല്‍ഗാന്ധി കേരളത്തിലെത്തി. രാവിലെ 11.30 യോടെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.
വിമാനത്താവളത്തില്‍ നിന്ന് കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാനായി രാഹുല്‍ മലപ്പുറത്തേക്ക് പോയി. യോഗത്തിന് ശേഷം പ്രളയത്തില്‍ മാതാപിതാക്കളും, സഹോദരങ്ങളും, വീടും നഷ്ടമായ മലപ്പുറം എടക്കരയിലെ കാവ്യ,കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി കൈമാറും. കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവഴിച്ച് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.
ഉച്ചയ്ക്ക് രണ്ടരയോടെ വയനാട്ടിലേക്ക് തിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടക്കുക. നാളെ വയനാട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ബുധനാഴ്ച മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തിരിച്ചുപോകും.